സൂററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗശൈലിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയെപ്പോലെ പ്രസംഗിക്കാന്‍ തനിക്കു വർഷങ്ങൾ വേണ്ടിവരുമെന്ന് രാഹുൽ പറഞ്ഞു. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ താൻ തയാറാണെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ഗുജറാത്തിലെ സൂറത്തിൽ വ്യവസായികളുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യവെ രാഹുൽ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസും ബിജെപിയും തമ്മിൽ അടിസ്ഥാനപരമായി ഒരു വ്യത്യാസമാണുള്ളത്.അവർക്ക് പ്രസംഗിക്കാനാണ് താല്പര്യം. നിങ്ങളെ കേള്‍ക്കാനല്ല, അവരെ ഒരു ഉച്ചഭാഷിണി പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അവർ നിങ്ങളോടു മനോഹരമായി സംസാരിക്കും. മോദിജിയെപ്പോലെ പ്രസംഗിക്കാന്‍ എനിക്കറിയില്ല, അതിന് ഇനിയും വര്‍ഷങ്ങളെടുക്കും-രാഹുൽ പറഞ്ഞു.
വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾക്കു കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ പരിഹാരം കാണുമെന്നും രാഹുല്‍ വ്യക്തമാക്കി. സമീപകാലത്ത് തന്റെ ചിന്താഗതിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇതുവരെ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ സഹായിക്കാനാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ നിലവിലുള്ള എല്ലാ വ്യവസ്ഥികളെയും ശക്തിപ്പെടുത്തിയാല്‍ മാത്രമെ അത് സാധ്യമാവു. നിങ്ങള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ എനിക്കെഴുതി തരൂ. അതെല്ലാം പരിഹരിക്കാം എന്ന് ഞാന്‍ ഉറപ്പു പറയുന്നില്ല. പക്ഷെ ഞാനത് വായിച്ചുനോക്കും. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു.
