ദില്ലി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ തുണച്ച് ഫ്രഞ്ച് ആയുധ നിര്‍മാണ കമ്പനിയായ ഡാസോ. റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനമാണെന്ന് കമ്പനി സിഇഒ എറിക് ട്രാപിയര്‍ വ്യക്തമാക്കി. കമ്പനിയെ തെരഞ്ഞെടുത്തത് ഡാസോ നേരിട്ടാണ്.

അതില്‍ ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. ദീര്‍ഘകാലം ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തണമെന്ന് കമ്പനിക്ക് ആഗ്രഹമുണ്ട്. ആരെ പങ്കാളിയാക്കണമെന്ന് തീരുമാനിക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. ഈ വിഷയത്തിലുണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ട്. പദ്ധതിയില്‍ സംഭാവന നല്‍കാന്‍ കമ്പനിക്ക് സാധിക്കും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനിക്ക് താത്പര്യമുണ്ട്. അത് കൊണ്ടാണ് റിലയന്‍സുമായി ചേര്‍ന്ന് സംയുക്ത കമ്പനിയുണ്ടാക്കിയതെന്നും സിഇഒ വിശദീകരിച്ചു.

റഫാൽ യുദ്ധവിമാന കരാറിൽ അനിൽ അമ്പാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയായി തെരഞ്ഞെടുത്തത് സംബന്ധിച്ച് ഫ്രഞ്ച്​മാധ്യമമായ മീഡിയ പാർട്ട്​ പുറത്തു വിട്ട റിപ്പോർട്ട് നേരത്തെ തന്നെ ഡാസോ ഏവിയേഷൻ​തള്ളിയിരുന്നു. റഫാൽ വിവാദം ആളിക്കത്തിച്ചാണ് ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

36 യുദ്ധവിമാനങ്ങളുടെ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്നത് ഇടപാടിലെ നിർബന്ധിത വ്യവസ്ഥയെന്നായിരുന്നു വെളിപ്പെടുത്തൽ. ഇപ്പോള്‍ കമ്പനിയുടെ സിഇഒ നേരിട്ട് ഈ ആരോപണങ്ങളെ തള്ളിയിരിക്കുകയാണ്.