തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയം ആക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് കേരളത്തിലുടനീളം സംഘടിച്ച് ഉയര്‍ത്തിപ്പിടിച്ച വനിതാ മതിലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വനിതാ മതിലിലൂടെ ലോകചരിത്രത്തിന്‍റെ നെറുകയിലേക്ക് കേരളം ഉയർന്നു. ആളുകളെ ഭിന്നിപ്പിക്കുന്നതല്ല മറിച്ച് ഐക്യത്തിലേക്ക് കൊണ്ടുപോകുന്നതാണ് വനിതാ മതിലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

വനിതാ മതില്‍ വര്‍ഗീയമതിലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും  രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുമെന്നും ആക്ഷേപങ്ങള്‍ ഉണ്ടായി. എന്നാല്‍ സ്ത്രീകള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മതില്‍ രാജ്യത്തിന്‍റെ മതനിരപേക്ഷതയും  മതസൗഹാർദ്ദവും സ്ത്രീപുരുഷ സമത്വവും ഉറപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു . എല്ലാത്തിനും ഉപരിയായി ഇന്ത്യന്‍ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ ഭ്രാന്താലയം ആക്കാന്‍ ഒരിക്കലും ഒരാളെയും അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് കേരളത്തില്‍ ഉടനീളം സംഘടിച്ച് ഉയര്‍ത്തിപ്പിടിച്ച വനിതാമതിലെന്നും മന്ത്രി പറഞ്ഞു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉയര്‍ന്ന വനിതാ മതിലില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. 620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍  മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി.