കേരളത്തില്‍ സങ്കരയിനം കുറുനരിയുടെ എണ്ണം കൂടുന്നു

ഫോട്ടോ: ജയേഷ് പാടിച്ചാല്‍


കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇടനാടന്‍ ചെങ്കല്‍ കുന്നുകളില്‍ സങ്കരയിനം കുറുനരികളെ സ്ഥിരമായി കണ്ടുതുടങ്ങിയിരിക്കുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫറായ ജയേഷ് പാടിച്ചാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കാസര്‍ഗോഡ് ജില്ലയിലെ ചീമേനി ഭാഗത്തും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ഭാഗത്തും ഇവയെ പിന്തുടര്‍ന്നു പോയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ നായ്‌‍ക്കളെപ്പോലെ തോന്നുമെങ്കിലും, കുറുനരിയുടേതുപോലുള്ള വലിയ വാലും നീണ്ട ശരീരവുമാണ് ഇവയെ നായ്‍ക്കളില്‍ നിന്ന് വ്യത്യസ്‍തമാക്കുന്നത്. അടുത്തകാലത്ത് ഇവയുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ജയേഷ് പറയുന്നത്.

വടക്കൻ കേരളത്തില്‍ സങ്കരയിനം കുറുനരികളെ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് അശോക ട്രസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദ എന്‍വിയോണ്‍മെന്റിലെ ഫെല്ലോ അബി തമിമും പറയുന്നു. കുറുനരികളുടെ പോപ്പുലേഷനില്‍ കുറവ് വരുന്നതാകാം ഇങ്ങനെയുള്ള ​​ക്രോസ് ബ്രീഡി​ങ്ങി​നു കാരണം. ചിലപ്പോള്‍ ഒരു കൂട്ടം (pack) തന്നെ ഇത്തരം സങ്കരയിനം ആയിത്തീ​രും​. അതിനാല്‍ വിശദമായ പഠനം ആവശ്യമാണെന്നും അബി തമിം പറയുന്നു.

നായ കാട്ടുനായ, ചെന്നായ എന്നിവ ഉള്‍പ്പെടുന്ന കാനിഡ കുടുംബത്തിലെ അംഗമാണ് കുറുനരി. ആര്‍ടിക് അന്റാര്‍ട്ടിക് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കുറുനരിയുടെ സ്വാഭാവിക വാസസ്ഥലങ്ങളാണ്. കേരളത്തിന്റെ സാഹചര്യത്തില്‍ കുന്നിന്‍ പ്രദേശങ്ങളിലും , കുറ്റിക്കാടുകളിലും വീട്ടുപറമ്പുകളിലും, സ്ഥാനം പിടിച്ച ഇവര്‍ നഗരപ്രദേശങ്ങളില്‍ ഓവുചാലുകളും, പൈപ്‍ലൈനുകളും, കല്‍വര്‍ട്ടുകളും അധിവാസ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നു. നായയും​ ​​കുറുനരിയും​ ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കിലും രണ്ടും വ്യത്യസ്‍ത ജീവികളാണ്. ഒരേ വിഭാഗത്തില്‍ പെട്ട ജീവികള്‍ക്ക് മാത്രമേ പ്രകൃത്യാല്‍ ഇണചേരല്‍ സാധ്യമാകൂ. എന്നിരുന്നാലും പ്രകൃതിയില്‍ ​ ​ക്രോസ് ബ്രീഡി​ങ്ങ് സാധാരണമാണ്. എന്നാല്‍ ഇത്തരത്തിലുണ്ടാകുന്ന ​മിശ്രജാതികള്‍ക്ക് പൊതുവെ പ്രത്യുല്‍പ്പാദനശേഷി ഉള്ളവയാകാറില്ല, മാത്രമല്ല ബോട്ടിലെ‍നക്ക്​ എഫ്ഫക്റ്റ്‌ ​(Bottleneck effect) ​മൂലം പ്രകൃത്യാല്‍ തന്നെ അവ ​ഇല്ലാതായിപ്പോകാറുമുണ്ട്. പക്ഷേ സങ്കരയിനം കുറുനരികള്‍ പ്രതുല്‍പാദന ശേഷിഉള്ളവരാണെന്നു റോയല്‍ സൊസൈറ്റി ഓഫ് ഓപ്പണ്‍ സയന്‍സ് ​മാഗസിന്‍ ​റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. ഇവ അധികവും കറുപ്പുനിറം കൂടിയവയാകാനാണ് സാധ്യതത എന്നും മാഗസിന്‍ റിപ്പോര്‍ട്ട്‌ ചെയ്‍തിട്ടുണ്ട്.

നാട്ടുഭാഷയില്‍ നായ്‍ക്കുറുക്കന്‍മാര്‍ എന്ന് ​വിളിക്കുന്ന സങ്കരയിനം കുറുനരികളെ 1997ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യുല്‍പാദന ശേഷിയുള്ളതാണ് കേരളത്തിലെ നായ്‍ക്കുറുക്കന്‍മാര്‍ എങ്കില്‍ ഇത് കുറുനരികളുടെ നില്‍നില്‍പ്പിനെ തന്നെ ഇല്ലാതാക്കിയേക്കും. ക്രോയേഷ്യയില്‍ നായ്‍ക്കുറുക്കന്‍മാരില്‍ നടത്തിയ പഠനങ്ങള്‍ ഈ സംശയം സാധൂകരിക്കുന്നു.