കേരള കോണ്‍ഗ്രസുകാര്‍ കണ്ണുരുട്ടിയതോടെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പങ്കെടുപ്പിച്ച് പാലാ സെന്‍റ് തോമസ് കോളജില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പരിപാടിയാണ് ഒഴിവാക്കിയത്.


വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മുഖ്യാതിഥിയാക്കി പൂര്‍വ വിദ്യാര്‍ഥി സംഘടന സെന്റ് തോമസ് കോളജില്‍ വ്യാഴാഴ്ചയാണ് പരിപാടി നിശ്ചയിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെയും അതിന്‍റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്സിയുടെയും ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായി. ജേക്കബ് തോമസ് എത്തിയാല്‍ പാര്‍ട്ടിക്കാരുടെ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ് കോളജ് അധികൃതര്‍ക്ക് കിട്ടി. സമ്മര്‍ദം കനത്തതോടെ വിഷയം കോളജ് പ്രിന്‍സിപ്പില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ നേതാക്കളെ അറിയിച്ചു. എന്‍സിസി ക്യാമ്പ് ആയതിനാല്‍ പരിപാടി മാറ്റണമെന്ന് നിര്‍ദേശമാണ് പ്രിന‍്സിപ്പല്‍ നല്‍കിയതെന്ന് പൂര്‍വ വിദ്യാര്‍ഥ സംഘടനാ നേതാവ് അലക്‌സ് സി മേനംപറമ്പില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവംബറിലേയ്‌ക്കാണ് പരിപാടി മാറ്റിയത്. അതേസമയം സംഘാടകര്‍ ജേക്കബ് തോമസിന് പകരം പുതിയ അതിഥിയെ തേടുകയാണ്. കോളജിന്‍റെ സ്ഥാപക നേതാവ് ജോര്‍ജ് തോമസ് കോട്ടുകാപ്പള്ളി അനുസ്മരണ പ്രഭാഷണത്തിനും അവാര്‍ഡ് വിതരണത്തിനുമാണ് വിജിലന്‍സ് ഡയറക്ടറെ സംഘാടകര്‍ ക്ഷണിച്ചത്. ബാര്‍ കോഴയടക്കമുള്ള കേസുകളില്‍ കെ എം മാണിക്കെതിരെ ശക്തമായ നിലപാട് ജേക്കബ് തോമസ് കൈക്കൊള്ളുമ്പോഴാണ് പാലായിലെ പരിപാടിയില്‍ നിന്ന് അദ്ദേഹത്തെ മാണി അനുകൂലികള്‍ വെട്ടിയത്. സ്വന്തം തട്ടകത്തില്‍ ജേക്കബ് തോമസ് സ്വീകരണമേറ്റുവാങ്ങുന്നത് മാണിക്കും അനുകൂലികള്‍ക്കും സഹിക്കാവുന്നതല്ല. ഇതേത്തുടര്‍ന്നാണ് കുട്ടി നേതാക്കളെ ഇറക്കി കേരള കോണ്‍ഗ്രസ് കളിച്ചത്.