തിരുവനന്തപുരം: സസ്പെൻഷനിടയാക്കിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഡിജിപി ജേക്കബ് തോമസ്. ഓഖിദുരന്തത്തിലുണ്ടായ പാളിച്ചകളെ വിമർശിച്ചത് വസ്തുതകളെ അടിസ്ഥാനത്തിലാണെന്ന് ചീഫ് സെക്രട്ടറിക്കു നൽകിയ മറുപടിയിൽ ജേക്കബ് തോമസ് പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള കാര്യമാണ്. ഓഖി നേരിടുന്നതില്‍ വീഴ്ച പറ്റിയെന്നതും വാസ്തവം മാത്രമാണെന്നായിരുന്നു ജേക്കബ് തോമസിന്‍റെ വിശദീകരണം. അഴിമതി വിരുദ്ധ ദിനത്തിലായിരുന്നു സർക്കാരിനെ പ്രകോപിച്ച ഡിജിപിയുടെ പ്രസംഗം.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നില്ല. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ സംവാദത്തിന് പോലും കേരളത്തില്‍ ഭയമാണ്. പ്രതികരിക്കുന്നവരെ നിശബ്ദരാക്കും. 51 വെട്ട് വെട്ടിയില്ലെങ്കിലും നിശബ്ദരാക്കുമെന്നുമായിരുന്നു അന്ന് അദ്ദേഹം ജേക്കബ് തോമസ് പറഞ്ഞത്.
