ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വീട്ടിലേക്ക് മടങ്ങിയവര്‍ക്കും എലിപ്പനി പ്രതിരോധ മരുന്ന് നല്‍കുന്ന പ്രവര്‍ത്തനം ആരോഗ്യവകുപ്പ് ഊര്‍ജിതമായി നടത്തിവരികയാണ്

കോട്ടയം: ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വീട്ടിലേക്ക് മടങ്ങിയവര്‍ക്കും എലിപ്പനി പ്രതിരോധ മരുന്ന് നല്‍കുന്ന പ്രവര്‍ത്തനം ആരോഗ്യവകുപ്പ് ഊര്‍ജിതമായി നടത്തിവരികയാണ്. ഇതിനിടെ എലിപ്പനി പ്രതിരോധ വിരുദ്ധ പ്രചരണവുമായി ജേക്കബ് വടക്കുഞ്ചേരി രംഗത്ത്. എലിപ്പനി പ്രതിരോധ മരുന്ന ആരും കഴിക്കരുതെന്നും അത് അപകടകരമാണെന്നുമാണ് ഇയാളുടെ എതിര്‍ പ്രചരണം. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ജേക്കബ് വടക്കുഞ്ചേരി രംഗത്ത് വന്നിരിക്കുന്നത്. 

ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മരുന്ന് വ്യവസായത്തെ സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ നല്‍കി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ആരോഗ്യ വകുപ്പെന്നും ഇയാള്‍ ആരോപിക്കുന്നു. എലിപ്പനിക്കെതിരെ നല്‍കുന്ന ഡോക്‌സി സൈക്കിളിന്‍ കഴിച്ചാല്‍ സാധാരണ മരുന്ന് കഴിക്കുന്നവരില്‍ പോലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും ജേക്കബ് വടക്കുഞ്ചേരി ആരോപിക്കുന്നു. 

എലിപ്പനി പടര്‍ന്ന് പിടിക്കുന്നത് പരമാവധി തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പാലിക്കുമ്പോഴാണ് എതിര്‍ പ്രചരണവുമായി ജേക്കബ് വടക്കുഞ്ചേരി രംഗത്ത് വന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. വടക്കുഞ്ചേരിക്കെതിരെ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പലരും ആരോഗ്യ മന്ത്രിയെ ടാഗ് ചെയ്തിട്ടുമുണ്ട്.