ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഫ് കേന്ദ്രത്തിനകത്ത് കയറി ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ജയ്‌ഷെ ഇ മൊഹമ്മദ് ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ ആഞ്ച് സിആര്‍പിഎഫ് ജവാന്‍മാരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പൊലീസുകാരന്റെ 16 വയസ്സ് പ്രായമുള്ള മകനാണ്. മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജയ്‌ഷെ ഇ മുഹമ്മദില്‍ ചേര്‍ന്നത്. ആക്രമണത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. സൈനിക ക്യാപ് ആക്രമിക്കാനുള്ള പദ്ധതിയെ കുറിച്ചാണ് വീഡിയോ ദൃശ്യത്തില്‍ പറയുന്നത്.
''ഈ സന്ദേശം നിങ്ങളിലെത്തുമ്പോഴേക്കും ഞാന്‍ സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അതിഥിയായി എത്തിയിരിക്കും '' - എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തിലായി പറയുന്നു. യുവാക്കള്‍ ജയ്‌ഷെ മുഹമ്മദില്‍ ചേരണമെന്നും ഇയാള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു.
അതേസമയം ചാവേറാക്രമണം നടത്തുന്നതിന് മുമ്പ് ഒരാള്‍ ഇത്തരത്തില്‍ പ്രകോപനപരമായ ദൃശ്യം പകര്‍ത്തുന്നത് ഇതാദ്യമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വീഡിയോ പരിശോധിച്ച് വരികയാണ്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് പുല്‍വാമയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ലെത്‌പോറയില്‍ സിആര്‍പിഎഫിന്റെ 185 ബറ്റാലിയന്റെ പരിശീലന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറിയ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. ഗ്രനേഡ് എറിഞ്ഞ ശേഷം സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. നാല് നിലക്കെട്ടിടത്തില്‍ കയറിയ ഭീകരരെ കൂടുതല്‍ സൈനികരും പൊലീസുമെത്തിയാണ് നേരിട്ടത്. പുതുവത്സര ദിനമായ ഇന്ന് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഉണ്ടായ വെടിവെപ്പില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
