മെഡിക്കല്‍ കോളേജ് അംഗീകാരത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി. കേസില്‍ ബി.ജെ.പി നേതാക്കളില്‍ നിന്ന് ചൊവ്വാഴ്ച വിജിലന്‍സ് മൊഴിയെടുക്കും.

മെഡിക്കല്‍ കോഴക്കേസില്‍ പാര്‍ട്ടിതല അന്വേഷണം നേരിട്ട കെ.പി ശ്രീശന്‍, എ.കെ നസീര്‍ എന്നിവരില്‍ നിന്നാണ് വിജിലന്‍സ് മൊഴിയെടുക്കുന്നത്. നേരത്തെ വിജിലന്‍സ് വിളിപ്പിച്ചെങ്കിലും മൊഴി നല്‍കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ആദ്യം ഇരുവരും സമന്‍സ് കൈപ്പറ്റിയില്ല. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞായിരുന്നു വിജിലന്‍സ് അന്വേഷണത്തോടുള്ള നിസഹകരണം. നിയമോപദേശം തേടിയ ശേഷമാണ് ചൊവ്വാഴ്ച ഹാജരാകാമെന്ന് ഇരു നേതാക്കളും വിജിലന്‍സിന് അറിയിച്ചിരിക്കുന്നത്. പണം കൊടുത്തുവെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷനോട് സമ്മതിച്ച കോളജ് ഉടമയും വാങ്ങിയെന്ന് പറഞ്ഞ ആര്‍.എസ് വിനോദും വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ മലക്കം മറിഞ്ഞു. 

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നായിരുന്നു കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ വാക്കുകള്‍. മെഡിക്കല്‍ കോഴക്കെതിരെ ശക്തമായ പാര്‍ട്ടി നടപടി വേണമെന്ന നിലപാടിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.