ജലന്ധര്‍ കത്തോലിക്ക ബിഷപ്പിന്‍റെ അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമെന്ന് കന്യാസ്ത്രീയുടെ സഹോദരി.  അന്വേഷണ വിവരങ്ങള്‍ ചിലര്‍ ബിഷപ്പിന് ചോര്‍ത്തി നല്‍കുന്നു. അറസ്റ്റ് വൈകിയാല്‍ കോടതിയെ സമീപിക്കും. കുടുംബത്തിന് വധഭീഷണിയുണ്ടെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.   

കോട്ടയം: ജലന്ധര്‍ കത്തോലിക്ക ബിഷപ്പിന്‍റെ അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമെന്ന് കന്യാസ്ത്രീയുടെ സഹോദരി. അന്വേഷണ വിവരങ്ങള്‍ ചിലര്‍ ബിഷപ്പിന് ചോര്‍ത്തി നല്‍കുന്നു. അറസ്റ്റ് വൈകിയാല്‍ കോടതിയെ സമീപിക്കും. കുടുംബത്തിന് വധഭീഷണിയുണ്ടെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.

അതേസമയം, ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് നേരിട്ട് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകും. മൊഴിയിൽ ചില വൃക്തത വരുത്താനാണിത്. സമയക്രമവും മറ്റും രാത്രി കൊച്ചിയിൽ ചേരുന്ന ഉന്നതതലയോഗത്തിൽ തീരുമാനിക്കും.

ജലന്ധർ കത്തോലിക്ക ബിഷപ്പ് അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണസംഘത്തിന്റ കണ്ടെത്തൽ. 2014 മെയ് അഞ്ചിന് ആദ്യം പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ മൊഴിയെ തള്ളിയ ബിഷപ്പ് അന്ന് തൊടുപുഴയിലെ മഠത്തിലായിരുന്നുവെന്നാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. ഇത് കളവാണെന്ന് തൊടുപഴ മഠത്തിലെ രേഖകൾ പരിശോധിച്ചതിലൂടെ അന്വേഷണസംഘത്തിന് ബോധ്യമായതാണ് കേസിൽ വഴിത്തിരിവായത്. 

രണ്ട് വ‌ർഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. കന്യാസ്ത്രീ പറഞ്ഞ മറ്റ് ദിവസങ്ങളിൽ ബിഷപ്പ് കുറവലങ്ങാടുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പീഡനത്തെക്കുറിച്ച് സഭയോട് പരാതി പറയാത്തതെന്തെന്ന ബിഷപ്പിന്റ സംശയത്തിനും കന്യാസ്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്ന് അന്വേഷണസംഘത്തിന്റ വിലയിരുത്തൽ. ബിഷപ്പ് പറഞ്ഞ പല തീയതികളിലും വൈരുദ്ധ്യമുണ്ട്. ഇതിൽ വ്യക്തതയ്ക്കായാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. 

നൂറിലധികം സാക്ഷികളാണ് കേസിലുള്ളത്. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്തുന്നതോടെ രൂപതക്കുള്ളിൽ പരാതി പറയാൻ മടിച്ച പലരും ഇത് പറയാൻ തയ്യാറാകുമെന്നാണ് അന്വേഷണസംഘത്തിന്റ വിലയിരുത്തൽ. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റ ശുപാർശയും ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്