Asianet News MalayalamAsianet News Malayalam

ബിഷപ്പിനെതിരായ പരാതി: കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും

പീഡനപരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പിന്‍റെ അറസ്റ്റ് വൈകും. ഉന്നതഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഈ ആഴ്ച അവസാനം ഹൈക്കോടതിയെ സമീപിക്കും.

jalandhar bishop case in highcourt
Author
Kochi, First Published Sep 4, 2018, 6:19 PM IST

കൊച്ചി: പീഡനപരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പിന്‍റെ അറസ്റ്റ് വൈകും. ഉന്നതഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഈ ആഴ്ച അവസാനം ഹൈക്കോടതിയെ സമീപിക്കും.

ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുണ്ടെന്നാണ് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് നൽകിയ റിപ്പോർട്ട്. എന്നാൽ കന്യാസ്ത്രീയുടേയും ബിഷപ്പിന്‍റെയും മൊഴിയിലെ വൈരുദ്യം ചൂണ്ടാക്കാട്ടി ഉന്നതപൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നാണ് വിവരം. ബിഷപ്പിനെ വിളിച്ച് വരുത്താൻ നോട്ടീസ് നൽകണമെന്നാണ് കോട്ടയം എസ് പി ഉൾപ്പടെയുള്ളവർ തീരുമാനിച്ചത്. എന്നാൽ ഡിജിപിയുടെയും ഐജിയുടേയും നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം നീളുന്നത്. എല്ലാ തെളിവുകളും ലഭിച്ച ശേഷം മതി അറസ്റ്റെന്നാണ് ഉന്നതഉദ്യോഗസ്ഥരുടെ നിലപാടെന്നാണ് സൂചന.

ബിഷപ്പിനെതിരെ സഭക്കുള്ളിൽ നിന്ന് പലരും മൊഴി നൽകാൻ തയ്യാറാവില്ലെന്ന് അന്വേഷണസംഘം നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിൽ നിന്നുള്ള സ്വകാര്യസുരക്ഷജീവനക്കാരാണ് ജലന്ധറിലുള്ളത്. ഇവരാണ് മാധ്യമപ്രവർത്തകരെ ഉൾപ്പടെ തടഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.  ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്തിയാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാമെന്ന ഡിവൈഎസ്പിയുടെ ശുപാർശയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെയാണ് കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടതിയെ സമീപിക്കുന്നത്.  

വൈക്കം ഡിവൈഎസ്പി കേസന്വേഷണം കാര്യക്ഷമായി മുന്നോട്ട് കൊണ്ടു പോകുമ്പോൾ അതിന് അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാണ് കന്യാസ്ത്രിയുടെ ബന്ധുക്കളുടെ ആക്ഷേപം. അറസ്റ്റ് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios