ഒരു മാസത്തിൽ കൂടുതൽ കേരളത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് സംഘം ജലന്ധറിലെത്തുന്നത്. സൈബർ വിദഗ്ധരുൾപ്പടെ ആറംഗസംഘം ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളത്തിൽ നിന്ന് ലഭിച്ച തെളിവുകൾ മുഴുവൻ ബിഷപ്പിന് എതിരാണ്.
ദില്ലി: ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരെയുള്ള ബലാത്സംഗക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി അന്വേഷണസംഘം ഇന്ന് ദില്ലിയിലെത്തും. ദില്ലിയിലെ മൊഴിയെടുപ്പ് പൂർത്തിയായ ശേഷം സംഘം ജലന്ധറിലേക്ക് തിരിക്കും. ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷമേ അറസ്റ്റിൽ തീരുമാനമുണ്ടാകൂ. ജൂൺ മാസം 27ന് ലഭിച്ച പരാതിയിൽ ഒരു മാസത്തിൽ കൂടുതൽ കേരളത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് സംഘം ജലന്ധറിലേക്ക് തിരിക്കുന്നത്.
ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്ട്രേട്ടിന് മുന്നിൽ കന്യാസ്ത്രീ രഹസ്യമൊഴി നൽകിയിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള നീക്കം ഉണ്ടായില്ല. ഇതിൽ ഏറെ പഴികേട്ട ശേഷമാണ് ഡിവൈഎസ്‌പി കെ സുഭാഷിന്റ നേതൃത്വത്തിലുള്ള സംഘത്തിന്റ ദില്ലി യാത്ര. കന്യാസ്ത്രീ വത്തിക്കാൻ സ്ഥാനപതിക്ക് പരാതി നൽകിയിരുന്നോയെന്ന് പൊലീസ് സംഘം പരിശോധിക്കും. കന്യാസ്ത്രീക്കെതിരെ ബിഷപ്പിന് പരാതി നൽകിയ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും.
കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞ ഉജ്ജയിൻ ബിഷപ്പിനെയും കണ്ട ശേഷമാകും ജലന്ധർ യാത്ര. സൈബർ വിദഗ്ധരുൾപ്പടെ ആറംഗസംഘം ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളത്തിൽ നിന്ന് ലഭിച്ച തെളിവുകൾ മുഴുവൻ ബിഷപ്പിന് എതിരാണ്. നാല് വർഷം മുൻപുണ്ടായ സംഭവത്തിൽ എല്ലാ വശവും പരിശോധിച്ചേ മുന്നോട്ട് പോകാവൂവെന്നാണ് ഡിജിപി അന്വേഷണസംഘത്തിന് നൽകിരിക്കുന്ന നിർദ്ദേശം.
