സഭാ നേതൃത്വത്തിൽ നിന്നും നീതി കിട്ടാത്തതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി കന്യാസ്ത്രി അന്വേഷണ സംഘത്തിന് മൊഴി നൽകി. ബിഷപ്പിൽ നിന്ന്മൊഴിയെടുക്കാൻ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ 13 പ്രാവശ്യ ബലാത്സംഗം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന് കന്യാസ്ത്രീ നൽകിയ മൊഴി. 2014 മെയിലാണ് ആദ്യ സംഭവവെന്നും അഞ്ച് മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പിൽ കന്യാസ്ത്രീ വ്യക്തമാക്കി. കന്യാസ്ത്രീ താമസിക്കുന്ന മഠത്തിലെത്തിയായിരുന്നു മൊഴിയെടുപ്പ്. പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ കന്യാസ്ത്രീ സഭാ നേതൃത്വത്തിൽ നിന്നും നീതി കിട്ടാത്തതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.

കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കാൻ മജിസ്ട്രേട്ടിന്റെ അനുമതി തേടിയിട്ടുണ്ട്. ബിഷപ്പ് നൽകിയ എതിർ പരാതിയിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ജലന്ധറിൽ നിന്ന് ബിഷപ്പ് അയച്ച സംഘം നടത്തിയ ഒത്ത് തീർപ്പ് ശ്രമം പരാജയപ്പെട്ടുവെന്ന് വ്യക്തമാകുന്നതായിരുന്നു കന്യാസ്ത്രീയുടെ നിലപാട്.