അദീബ് അടുത്ത ബന്ധുവല്ലെന്ന് പറയുന്ന കെ ടി ജലീല്‍, സ്വന്തം അച്ഛനെ തന്നെ മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നും മൂനീര്‍ ആരോപിച്ചു. ഇതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. 

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വാക്കൗട്ട് പ്രസംഗത്തിന് ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെ നിയമസഭയില്‍ അവിചാരിത സംഭവങ്ങള്‍. 12 വര്‍ഷമായി താന്‍ നിയമസഭയിലുണ്ടെന്നും തനിക്ക് തെറ്റ് പറ്റിയെന്ന് തെളിയിച്ചാല്‍, തന്‍റെ പൊതു പ്രവര്‍ത്തനം നിര്‍ത്തുമെന്നും മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഇ പി ജയരാജന് ഒരു നീതിയും ജലീലിന് മറ്റൊരു നീതിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന പ്രതിപക്ഷം ആരോപിച്ചു. കള്ളം കൊണ്ടൊരു ചീട്ടു കൊട്ടാരം ആണ് ജലീൽ ഉണ്ടാക്കിയത്. അദീബ് അടുത്ത ബന്ധുവല്ലെന്ന് പറയുന്ന കെ ടി ജലീല്‍, സ്വന്തം അച്ഛനെ തന്നെ മാറ്റി പറയാന്‍ സാധ്യതയുണ്ടെന്ന് എം കെ മുനീര്‍ ആരോപിച്ചു. ഇതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.

എം കെ മുനീര്‍, കെ ടി ജലീലിനെ കടന്നാക്രമിച്ചത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തിന് നേര്‍ക്കുനേര്‍ വരുന്ന സന്ദര്‍ഭമുണ്ടായി. ഭരണപക്ഷം എംഎല്‍എമാര്‍ നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ഷിഹാബ് തങ്ങളെ അടക്കം അപമാനിച്ച് സംസാരിച്ചത് ശരിയല്ലെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും എം കെ മുനീർ പറഞ്ഞു. മിടുക്കന്മാർ ഒരുപാട് ഉള്ള നാട്ടിൽ അദീബിനെ വീട്ടിൽപോയി ക്ഷണിച്ചു കൊണ്ടു വരികയായിരുന്നുവെന്നും മുനീര്‍ ആരോപിച്ചു. 

മുഖ്യമന്ത്രിയെ ജലീൽ തെറ്റിധരിപ്പിക്കുകയാണ്. അഴിമതിയോട് സന്ധി ചെയ്ത സർക്കാറാണ് ഇത്. സർക്കാർ അഴിമതിയിൽ മുങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഇത് പച്ചയായ സ്വജനപക്ഷപാതമാണെന്നും അഴിമതിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പ്രതിപക്ഷനേതാവ് സഭ ബഹിഷ്കരിക്കുന്നതായി അറിയിക്കുകയുമായിരുന്നു. മന്ത്രിയുടെ കെ ടി മുനീറിന്‍റെ സ്വഭാവത്തെ ആരും ചോദ്യം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്തിനാണ് ഇ പി ജയരാജൻ രാജി വച്ചത്. അതിനേക്കാൾ വലിയ തെറ്റാണ് ജലീൽ ചെയ്തത്.

ബന്ധുവിനെ നിയമിക്കാൻ കത്ത് നൽകുകയാണ് ജയരാജൻ ചെയതത് . ജയരാജൻ ചെയ്തതിനേക്കാൾ എത്ര വലിയ തെറ്റാണ് ജലീൽ ചെയ്തത്. ജയരാജന് കിട്ടാത്ത നീതിയാണ് ജലീലിന് കിട്ടുന്നത്. ഇത് വളരെ ബോധപൂർവമാണ്. പഠിച്ച കള്ളൻ ചെയ്ത നിയമനമാണ് അദീബിന്‍റതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ ജലീലിന്റെ ബന്ധു നിയമനം തെറ്റാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.