ജല്ലിക്കെട്ട് പരമ്പരാഗത കായിക ഇനമായി കണക്കാക്കി സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തമിഴ്‌നാടിന്റെ നീക്കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ സമ്മതം നല്‍കിയത്. കേന്ദ്ര മൃഗസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ കൂടി വരുന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ കൂടി അംഗീകാരം തേടിയത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയങ്ങള്‍ ഓര്‍ഡിനന്‍സിന്റെ കരട് അംഗീകരിച്ചു. രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ സംസ്ഥാനസര്‍ക്കാരിന് ഓര്‍ഡിനന്‍സിറക്കാം.
ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ഓര്‍ഡിനന്‍സിന് നിയമസാധുതയാകും. ജല്ലിക്കെട്ട് നിരോധനക്കേസില്‍ ഈ ആഴ്ച്ചയോ അടുത്തയാഴ്ച്ച ആദ്യമോ വിധി ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെ അസാധാരണമായ നീക്കത്തിലൂടെ കോടതിയെ സമീപിച്ച അറ്റോണി ജനറല്‍ മുകുള്‍ റോത്തകി വിധി പറയുന്നത് ഒരാഴ്ച്ചയിലേക്കെങ്കിലും മാറ്റണമെന്ന് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ ഇന്ന് വലിയ ക്രമസമാധാന പ്രശ്‌നമായി മാറിയെന്നും കേന്ദ്രവും സംസ്ഥാനവും ഇത് പരിഹരിക്കാനുള്ള ചര്‍ച്ചയിലാണെന്നും അറ്റോണി ജനറല്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിച്ച കോടതി ഒരാഴ്ച്ചത്തേക്ക് വിധി ഉണ്ടാകില്ലെന്ന് അറിയിച്ചു.
ഒരു കേസില്‍ എപ്പോള്‍ വിധി പറയണം എന്ന് സുപ്രീംകോടതിയോട് കേന്ദ്രം ആവശ്യപ്പെടുന്നത് അപൂര്‍വ്വ നടപടിയായി. ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ കേന്ദ്രം കോടതിയില്‍ നിന്ന് ഇതിലൂടെ സമയം വാങ്ങുകയായിരുന്നു.
