തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഷലീന്‍ കുബ്ര പറഞ്ഞു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാലു ഘട്ടമായി നടത്താന്‍ തീരുമാനം.അടുത്ത മാസം എട്ട് മുതല്‍ 16 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

നഗരസഭകള്‍ക്ക് ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ടാകും. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഷലീന്‍ കുബ്ര പറഞ്ഞു.

ഈ മാസം 18ന് ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. 25നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 28ന് പിന്‍വലിക്കാനുള്ള അവസാന തീയതി. 20ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. അടുത്ത മാസം എട്ട്, പത്ത്, 11,16 എന്നീ തീയതികളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. 20ന് വോട്ടെണ്ണും.

എന്നാല്‍, സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികള്‍ പ്രതിഷേധ സ്വരമുയര്‍ത്തിയാണ് നില്‍ക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ വകുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

നേരത്തെ, പിഡിപി -ബിജെപി സഖ്യമാണ് സംസ്ഥാനം ഭരിച്ചിരുന്നത്. എന്നാല്‍, ഇരുപാര്‍ട്ടികളും സഖ്യം അവസാനിപ്പിച്ചതോടെ കഴിഞ്ഞ ജൂണ്‍ മുതല്‍ സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലാണ്.