ബിജെപിയുടെ പിന്തുണയോടെയുള്ള പിഡിപിയുടെ മെഹബൂബ മുഫ്തി സര്‍ക്കാര്‍ വീണ ശേഷം രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീര്‍ വീണ്ടും വിവാദത്തിലേക്ക്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് റിലയന്‍സിന്‍റെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഭരണ ചുമതലയുള്ള ഗവര്‍ണര്‍ ഉത്തരവ് പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 

ശ്രീനഗര്‍: ബിജെപിയുടെ പിന്തുണയോടെയുള്ള പിഡിപിയുടെ മെഹബൂബ മുഫ്തി സര്‍ക്കാര്‍ വീണ ശേഷം രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീര്‍ വീണ്ടും വിവാദത്തിലേക്ക്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് റിലയന്‍സിന്‍റെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഭരണ ചുമതലയുള്ള ഗവര്‍ണര്‍ ഉത്തരവ് പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 

പിടിഐ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെന്‍ഷനേഴ്സ് അക്രഡിറ്റഡ് ജേണലിസ്റ്റ് എന്നിവര്‍ക്കാണ് ഇന്‍ഷൂറന്‍സ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റിലയന്‍സ് ജനറല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുടെ കീഴിലുള്ള ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയാണിത്. ഇതിന്‍റെ വാര്‍ഷിക പ്രീമിയമായി തൊഴിലാളികള്‍ക്ക് 8777 രൂപയും പെന്‍ഷനേഴ്സിന് 22 229 രൂപയുമാണ്.

ഇതില്‍ സംസ്ഥാന ഗവര്‍ണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥര്‍, കമ്മീഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിര്‍ബന്ധിതമായും പോളിസി എടുക്കണമെന്നാണ് ഉത്തരവ്. അതേസമയം പെന്‍ഷനേഴ്സ് അക്രഡിറ്റ‍ഡ് ജേണലിസ്റ്റ്സ് എന്നിവര്‍ക്ക് നിര്‍ബന്ധിതമായും ഇന്‍ഷൂറന്‍സ് എടുക്കേണ്ട ആവശ്യമില്ല. 

സര്‍ക്കാറിന് കീഴിലുള്ള ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസി തഴഞ്ഞാണ് റിലയന്‍സിന് അനുമതി നല്‍കിയിരിക്കുന്നത്. റഫേല്‍ ആരോപണത്തിന് പിന്നാലെ കശ്മീരിലെ ഇന്‍ഷൂറന്‍സ്‍ വിഷയവും ശക്തമായി ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് . പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി അന്വേഷിച്ച് കണ്ടെത്തിയതാണ് റിലയന്‍സിനെയെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി പരിഹസിച്ചു. റിലയന്‍സില്‍ മോദിക്ക് നിക്ഷേപമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഭരണകൂട ഉത്തരവിനെതിരെ എംപ്ലോയീസ് ജോയന്‍റ് ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തി. സ്വകാര്യ ഇൻഷൂറന്‍സ് കമ്പനിക്ക് നേട്ടമുണ്ടാകുന്ന തരത്തില്‍ പുറത്തിറക്കിയ ഉത്തരവ് അംഗീകരിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധികഭാരം ചുമത്തുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.