ജമ്മുകശ്മീരിൽ പ്രതിഷേധം തുടങ്ങിയ ശേഷം ഇന്ന് 65മത്തെ ദിനം. പൂഞ്ച് മേഖലയിൽ നിർമ്മാണത്തിലുള്ള മിനി സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ കയറിയ ഭീകരരെ തുരത്താൻ കരസേനയുടെ ഓപ്പറേഷൻ തുടരുകയാണ്. ഇന്ന് മൂന്ന് ഭീകരരെകൂടി സൈന്യം വധിച്ചു. 

ഇന്നലെ നാലു ഭീകരരും ഒരു പോലീസ് കോൺസ്റ്റബിളും കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധത്തിന്‍റെയും അക്രമത്തിന്‍റെയും അന്തരീക്ഷത്തിലാണ് നാളെ ജമ്മുകശ്മീർ ബലിപെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്നത്. ശ്രീനഗറിലെ ഐക്യരാഷ്ട്ര ആസ്ഥാനത്തേക്ക് മാർച്ച് നടത്താനാണ് ഹുറിയത്ത് കോൺഫറൻസിന്‍റെ നിർദ്ദേശം. 

ഈദ് നമസ്കാരത്തിനു ശേഷം ഈദ്ഗാഹ് മൈതാനം ഉൾപ്പടെ പല സ്ഥലങ്ങളിലും അക്രമത്തിനു സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതയിലാണ് സുരക്ഷാ സേനകൾ. ഇതിനിടെ ജമ്മുകശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കാനാണ് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് തയ്യാറെടുക്കുന്നത്. 

ഈ മാസം ഇരുപത്തി രണ്ടിനാണ് ഷെരീഫിന്‍റെ പ്രസംഗം. അതിനാൽ ഈദ് കഴിഞ്ഞാലും ഷെരീഫിന്‍റെ പ്രസംഗത്തിനു മുന്പ് അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള ചില നീക്കങ്ങൾ പാക് പിന്തുണയോടെ കശ്മീരിൽ നടത്തുമെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം സേനകൾക്ക് നല്കിയിട്ടുണ്ട്.