ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റിന്‍റെ വീട് തീവച്ചു നശിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട അഹമ്മദ് റംസാന്‍ ഷെയ്ക്കിന്‍റെ വീടാണ് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്. തീവ്രവാദികളിലൊരാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായാണ് ജനക്കൂട്ടം റംസാന്‍റെ കുടുംബത്തെ ആക്രമിച്ചത്. പൊലീസെത്തി കുടുംബാംഗങ്ങളെ രക്ഷപെടുത്തി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി സംഘവുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു.