കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക ജാനകി ടീച്ചറുടെ കൊലപാതകവുമായി ബന്ധപ്പട്ട് ടീച്ചറുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരുമായ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലയ്ക്കും കവര്‍ച്ചക്കും പിന്നില്‍ പ്രവര്‍ത്തിച്ച മൂവര്‍ സംഘത്തില്‍പ്പെട്ട പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ റിനേഷ് (27), വിശാഖ് (28) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി അരുണ്‍ (28) ഇന്ന് വൈകീട്ടോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുമെന്നും അവിടെ വച്ച് അറസ്റ്റ് ചെയ്യുമെന്നും ഐജി മഹിപാല്‍ യാദവ് പറഞ്ഞു. ഡിസംബര്‍ മാസം പതിമൂന്നിന് രാത്രിയാണ് പുലിയന്നൂരില്‍ നാടിനെ നടുക്കിയ കൊല നടന്നത്.
കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സ്വര്‍ണ്ണവും പണവും കവരാന്‍ പദ്ധതിയിട്ട് നടത്തിയ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തന്റെ മുന്‍ വിദ്യാര്‍ത്ഥികളായ കവര്‍ച്ചക്കാരെ ജാനകി ടീച്ചര്‍ തിരിച്ചറിഞ്ഞതോടെയാണ് മോഷണശ്രമം കൊലപാതകത്തില്‍ കലാശിച്ചത്.

അരുണ്‍ ഒഴികെ റിനീഷിനേയും വിശാഖിനെയും ജാനകി ടീച്ചര്‍ പുലിയന്നൂര്‍ സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചറുടെ കോലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ പോലീസിനൊപ്പം ചേര്‍ന്ന് നേരത്തെ പ്രതികളെ കണ്ടെത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മൂന്നാം പ്രതി അരുണ്‍ ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്ലെത്തിയ സമയത്താണ് മോഷണത്തിന് പ്ലാനിടുന്നത്. കൊലപാതകം നടന്ന ശേഷം ഫെബ്രുവരി നാലിന് അരുണ്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയി. ഇയാളെ അബുദാബിയില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്ന് നാലുമണിയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ തിരിച്ചെത്തിക്കും.
അറസ്റ്റിലായ റെനീഷ് കല്ലുവെട്ട് തൊഴിലാളിയാണ്. വിശാഖ് അപസ്മാര രോഗത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇവരെ ഇരുവരെയും ജാനകി ടീച്ചര്‍ ചെറിയ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നു. മോഷണ സമയത്ത് ഇവരെ ടീച്ചര്‍ തിരിച്ചറിയുകയും നിങ്ങളോ മക്കളെ എന്ന് വിളിച്ചിരുന്നതായി ടീച്ചറുടെ ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ പോലീസിന് മൊഴി നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
വിശാഖിന്റെ അച്ഛനെ സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശാഖിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും എന്നാല്‍ ആദ്യമെന്നും ഇയാള്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു. പിന്നീട് സ്വര്‍ണ്ണം പണയം വെക്കാന്‍ തന്നത് കാമുകിയാണെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ കമുകിയുടെ പേര് ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു. തുടര്‍ന്നാണ് കൂട്ടുപ്രതിയായ റിനേഷ് തന്ന സ്വര്‍ണ്ണമാണെന്ന് പറയുന്നത്. റിനേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമത്തിനിടെ കൊലപാതകം നടത്തിയതായി ഇരുവരും സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു.
ഏതാണ്ട് എട്ട് പവന്‍ വരുന്ന സ്വര്‍ണ്ണം ഇയാള്‍ കണ്ണൂരിലെ ജ്വല്ലറിയില്‍ വിറ്റിരുന്നു. മോഷണം പോയ പതിനെട്ട് പവനില്‍ ബാക്കി സ്വര്‍ണ്ണം മംഗലാപുരത്ത് വില്‍ക്കുകയായിരുന്നു. കണ്ണൂരില്‍ വിറ്റ സ്വര്‍ണ്ണം പോലീസ് കണ്ടെത്തി. അബുദാബിയില്‍ ജോലി ചെയ്യുന്ന അരുണ്‍ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്നും പോലീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി പുലിയന്നൂരില്‍ എത്തിച്ചു.
എന്നാല്‍, തന്റെ മകനില്‍ സംശയം തോന്നിയ വിശാഖിന്റെ അച്ഛന്‍ പോലീസില്‍ പറഞ്ഞത് കൊണ്ടാണ് കൊലപാതകത്തില്‍ തെളിവുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിശാഖിന്റെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. വിശാഖിന്റെ കൈയില്‍ ധാരാളം പണവും സ്വര്‍ണ്ണം വിറ്റതിന്റെ ബില്ലും കണ്ടത് അച്ഛനില്‍ സംശയം ജനിപ്പിച്ചു. പലതവണ നിര്‍ബന്ധിച്ചിട്ടും വിശാഖ് പണം എവിടെ നിന്ന് കിട്ടിയെന്ന് വെളിപ്പെടുത്തിയില്ല.
ഇതേ തുടര്‍ന്ന് ഇയാള്‍ ചീമേനി പോലീസ് സ്‌റ്റേഷനില്‍ കാര്യം അറിയിക്കുകയായിരുന്നു. ഇങ്ങനെയാണ് പോലീസ് വിശാഖിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യ്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. വിശാഖിന്റെ അച്ഛന് കടല വില്‍പ്പനയാണ് ജോലി. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് വിശാഖിന്റത്. വിശാഖിന്റെ അച്ഛന്‍ ക്യാന്‍സര്‍ രോഗികൂടിയാണ്. കുറ്റവാളിയായ മകനേ പോലീസിന് ചൂണ്ടിക്കാണിച്ച് കൊടുത്തിനാല്‍ ആ കുടുംബത്തെ തങ്ങള്‍ സംരക്ഷിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
മോഷണത്തിലും അതുവഴി സ്വന്തം അധ്യാപികയുടെ മരണത്തിനും കാരണക്കാരനായ മകനെ പോലീസിന് ചൂണ്ടിക്കാണിച്ച പിതാവിനെ ആദരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. വിശാഖിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും മോഷണം പോയ പതിനെട്ടു പവനില്‍ ബാക്കി സ്വര്‍ണ്ണം മംഗലാപുരത്താണ് വിറ്റിരുന്നത്. ഇത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകത്തിന്റെ തുമ്പൊന്നും കണ്ടെത്താന്‍ കഴിയാതിരുന്ന പോലീസ് തെളിവു നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.
