ടോക്യോ: വിദേശ വിദഗ്ധ തൊഴിലാളികളുടെ വിസ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നു. സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കുന്നതിനായുളള കാലാവധി കുറയ്ക്കുന്നതാണ് ജപ്പാന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രധാന ഭേദഗതി. നിലവില്‍ ജപ്പാനില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കെ സ്ഥിരം വിസ ലഭിക്കൂ. ഇത് ഒരു വര്‍ഷമായി കുറക്കും.
അടുത്ത വര്‍ഷം മുതല്‍ പുതിയ വിസപരിഷ്‌കരണം നടപ്പാക്കാനാണ് ജപ്പാന്‍ ഉദ്ധേശിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളെയും, സാങ്കേതിക തൊഴിലാളികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനാണ് ജപ്പാന്‍ വിസചട്ടങ്ങള്‍ ലഘൂകരിക്കുന്നത്. ഇതിനായി കോര്‍പ്പറേറ്റ് നികുതി കുറക്കുന്നതുള്‍പെടെയുള്ളയുള്ള കാര്യങ്ങള്‍ ജപ്പാന്‍ പരിഗണിക്കുന്നുണ്ട്.
വിസ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ജപ്പാന്‍ ലക്ഷ്യം വക്കുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും അതുവഴി ഇന്ത്യയില്‍ നിന്നുളള നിക്ഷേപവുമാണ്. ഇന്ത്യക്കാരുടെ അത്ര കഴിവുളളവരല്ല ജപ്പാനിലെ ഐടിക്കാര്‍ എന്നാണ് ജപ്പാന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍.
എച്ച് വണ്‍ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുമെന്ന അമേരിക്കയുടെ തീരുമാനത്തിന്‍റെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ആശ്വാസകരമാകുന്നതാണ് ജപ്പാന്‍റെ നീക്കം എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
