ജസ്നയുടെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണം ആൺസുഹൃത്തിലേക്ക് നീളുന്നുവെന്ന വാർത്തകൾക്കിടയിലാണ് ജസ്നയുടെ അടുത്ത സുഹൃത്തുകൾ ഇക്കാര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തുന്നത്.
പത്തനംതിട്ട: താൻ ജസ്നയുടെ കാമുകനല്ലെന്നും സുഹൃത്തു മാത്രമായിരുന്നെന്നും എന്നും ജസ്നയുടെ സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട്. മരിക്കാൻ പോകുന്നു എന്നാണ് ജസ്ന തനിക്ക് അവസാനമായി അയച്ച സന്ദേശം. ഇക്കാര്യം ജസ്നയെ കാണാതായപ്പോൾ തന്നെ ബന്ധുകളേയും പോലീസിനേയും അറിയിച്ചതാണ്. തങ്ങൾക്ക് ജസ്നയുടെ തിരോധാനവുമായി ബന്ധമില്ലെന്ന് ജസ്നയുടെ മറ്റു രണ്ട് കൂട്ടുകാരികളും വ്യക്തമാക്കി.
ജസ്നയുടെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണം ആൺസുഹൃത്തിലേക്ക് നീളുന്നുവെന്ന വാർത്തകൾക്കിടയിലാണ് ജസ്നയുടെ അടുത്ത സുഹൃത്തുകൾ ഇക്കാര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തുന്നത്. ജസ്നയെ കാണാതായി 93 ദിവസങ്ങൾ പിന്നിടുന്നതിനിടെ ഇതാദ്യമായാണ് ഇവർ ഒറു മാധ്യമത്തിന് മുന്നിലെത്തുന്നത്.
ക്യാമറക്ക് മുന്നിൽ വരാൻ തയ്യാറല്ലെന്ന നിബന്ധയോടെയാണ് ഇവർ സംസാരിക്കാൻ തയ്യാറായത്. പോലീസിന്‍റെ തുടർച്ചയായ ചോദ്യം ചെയ്യലും സമൂഹത്തിന്‍റെ സംശയ ദൃഷ്ടിയോടെയുള്ള നോട്ടവും കാരണം തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് തങ്ങളെന്ന് ജസ്നയുടെ സഹപാഠികൾ പറയുന്നു.
ജസ്നയുടെ കാമുകനാണോ എന്ന് ആൺ സുഹൃത്തിനോട് പലതവണ പൊലീസ് ചോദിച്ചു. അല്ലെന്ന് പറഞ്ഞപ്പോൾ കാമുകൻ ഉണ്ടോ എന്നായി അടുത്ത ചോദ്യം. പത്തിലേറെ തവണ തന്നെ പോലീസ് വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. അറിയാവുന്ന എല്ലാ കാര്യങ്ങളും താൻ അവരോട് വ്യക്തമാക്കിയെന്ന് ആൺസുഹൃത്ത് പറയുന്നു.
മരിക്കാൻ പോകുന്നു എന്നു പറഞ്ഞ് ജസ്ന സന്ദേശം അയച്ച കാര്യം അവളെ കാണാതായി അടുത്ത ദിവസം തന്നെ പൊലീസിൽ അറിയിച്ചിരുന്നു. മുൻപും സമാനമായ തരത്തിൽ ജസ്ന മെസേജ് അയച്ചിട്ടുണ്ട്. അപ്പോൾ തന്നെ ജസ്നയുടെ ചേട്ടനെ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ അത് വിഷയമാക്കേണ്ടതില്ല എന്നാണ് സഹോദരൻ പറഞ്ഞത്.പോലീസിൽ ഏൽപിച്ച തന്റെ ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്നും കേസ് തെളിയിക്കപ്പെടേണ്ടത് ഇപ്പോൾ തങ്ങളുടെ കൂടി ആവശ്യമാണെന്നും സഹപാഠികൾ പറയുന്നു.
പൊതുവെ അന്തർമുഖയായ ജസ്ന ഒറ്റയ്ക്ക് ഇത്രദൂരം സഞ്ചരിക്കുമെന്നോ ഒളിച്ചു താമസിക്കുമെന്നോ സഹപാഠികൾ വിശ്വസിക്കുന്നില്ല. വളരെ ഒതുങ്ങി കൂടിയ പ്രകൃതമാണ് ജസ്നയുടേത് അധികം സുഹൃത്തുകളൊന്നും അവൾക്കില്ല. ആരോ ഒരാൾ അവൾക്കൊപ്പം ഉണ്ടാവുകയോ ആരുടേയോ ഇടപെടലോ നിർദേശങ്ങളോ ജസ്നയുടെ തിരോധാനത്തിന് പിന്നിലുണ്ടെന്നുമാണ് ഇവർ വിശ്വസിക്കുന്നത്.
