ജസ്നയുടെ തിരോധാനം അന്വേഷണ സംഘത്തിന്‍റെ യോഗം രണ്ട് ദിവസത്തിനകം
കോട്ടയം: ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം രണ്ട് ദിവസത്തിനകം ചേരും. ഐ ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട എസ് പി ഓഫീസ് കേന്ദ്രികരിച്ചായിരിക്കും പ്രവർത്തിക്കുക. ജസ്നയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും കാര്യമായ വിവരങ്ങള് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തെ ജസ്നയുടെ മോബൈൽ ഫോണ് വിളികള് കേന്ദ്രികരിച്ചാണ് ഇപ്പോള് അന്വേഷണം തുടരുന്നത്.
വെച്ചൂച്ചിറയിലെ വീട്ടിൽ നിന്നും ജസ്നയെ കാണാതായി മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ഇതുവരെയും ഒരു തുമ്പും ലഭിച്ചിട്ടില്ല. ബംഗളുരൂവിൽ ഒരു സുഹൃത്തിനൊടൊപ്പം ജസ്നയെ കണ്ടെന്ന വിവരത്തെ തുടർന്ന് തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാളുകള് കഴിയുമ്പോറും ദുരൂഹതകള് ഏറുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു ജസ്ന.
