പ്രശസ്ത ഗസൽ ഗായിക അഭ്രദിത ബാനർജിയുടെ ഗസൽ കേട്ടുകൊണ്ട് ജടായുപക്ഷിയുടെ ഓരത്ത് നിന്ന് അവർ സൂപ്പർമൂൺ കണ്ടു. കൊല്ലം ചടയമംഗലത്തെ ജടായു എർത്ത് സെന്ററാണ് ഈ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. 150 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന പ്രപഞ്ചത്തിലെ അസുലഭ വിസ്മയത്തിന്റെ അറിയിപ്പ് ശാസ്ത്രലോകം നൽകിയപ്പോൾ തന്നെ ആ നിമിഷങ്ങളെ ഏറ്റവും മനോഹരമാക്കാൻ ജടായു എർത്ത് സെന്റർ ഒരുങ്ങിയിരുന്നു. അതിനായി സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിലുള്ള ജടായുപ്പാറയിലെ കൂറ്റൻ ഹെലിപ്പാഡിൽ വേദിയൊരുക്കി. ഹെലിപ്പാഡിൽ സംഗമിച്ചവർക്ക് തൊട്ടരുകിൽ എന്നും ആകാശം കണ്ടുറങ്ങുന്ന കൂറ്റൻ ജടായു ശില്പം. ഇത് പ്രശസ്ത ശില്പിയും ചലച്ചിത്രകാരനുമായ രാജീവ് അഞ്ചലിന്റെ വിസ്മയ കലാസൃഷ്ടി. സമീപത്തായി കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം.
അവിടേക്ക് മഞ്ഞു മൂടുമ്പോൾ ആകാശത്തിന്റെ ഉയരത്തിലെത്തുന്നത് പോലെ സഞ്ചാരികൾക്ക് തോന്നും. പിന്നെ പൂർണ്ണ ചന്ദ്രൻ തൊട്ടടുത്ത് എന്നതാണ് അനുഭവം. അതുകൊണ്ടു തന്നെ ഇന്നലത്തെ സൂപ്പർ മൂൺ ജടായു എർത്ത് സെന്ററിൽ എത്തിയവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കാഴ്ചയായി മാറി. കാഴ്ചയ്ക്ക് മിഴിവേകാൻ അഭ്രദിത ബാനർജിയുടെ ഗസൽ സന്ധ്യ കൂടിയായപ്പോൾ സൂപ്പർ മൂണിന് രാജകീയമായ വരവേൽപ്പായി മാറി. സൂപ്പർമൂണിനെ ഏറ്റവും വ്യക്തമായി കാണാൻ കഴിഞ്ഞുവെന്നതായിരുന്നു ജടായുപ്പാറയിൽ സംഗമിച്ചവരുടെ അനുഭവം. സൂപ്പർമൂൺ പ്രതിഭാസത്തിന് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം നിലാവ് പരന്നൊഴികിയതും വിസ്മയമായി.

