ഹരിയാന സര്‍ക്കാര്‍ കൊണ്ടുവന്ന ജാട്ട് സമുദായ സംവരണം പഞ്ചാബ്- ഹരിയാന ഹൈക്കോടതി ശരിവെച്ചു. 2016ലാണ് എല്ലാ ജാട്ട് വിഭാഗങ്ങള്‍ക്കും കൂടി 10 ശതമാനം സംവരണം നല്‍കുന്നതിനുള്ള ബില്ല് ഹരിയാന സര്‍ക്കാര്‍ പാസാക്കിയത്. സംവരണം ആവശ്യപ്പെട്ടുള്ള വലിയ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയത്. അതേസമയം സംവരണം ഓരോ വിഭാഗത്തിനും എത്ര ശതമാനം എന്ന് തീരുമാനിക്കാത്ത സാഹചര്യത്തില്‍ അതുവരേയ്‍ക്ക് ജാട്ട് സംവരണം നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശം കൂടി കണക്കിലെടുത്താകണം സംവരണം തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഒരു കാരണവശാലും തൊഴില്‍ സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന വിധി സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ യുപിഎ സര്‍ക്കാര്‍ 27 ശതമാനം ഒബിസി സംവരണം കൂടി കൊണ്ടുവന്നതോടെ തൊഴില്‍ സംവരണ പരിധി 49.5 ശതമാനമായി. അതുകൊണ്ട് തന്നെ ഹരിയാന സര്‍ക്കാരിന്‍റെ 10 ശതമാനം ജാട്ട് സംവരണത്തിന് മേല്‍ക്കോടതിയുടെ അംഗീകാരം കിട്ടാനുള്ള സാധ്യത കുറവാണ്.