മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മു​ദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്.

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും. മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മു​ദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. ഇന്നലെ അർദ്ധരാത്രി പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രാഹുലിനെ ആറര മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. രാഹുലിനെ പുറത്തിറക്കാൻ കഴിയാത്ത വിധത്തിൽ വാഹനം വളഞ്ഞാണ് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയത്. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു.

രാഹുലിനെതിരെ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് മൂന്നാമത്തെ ബലാത്സംഗ പരാതി നൽകിയിരിക്കുന്നത്. യുവതി വിദേശത്താണുള്ളത്. ഇമെയിൽ വഴി ലഭിച്ച പരാതിയിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ അതീവ ഗുരുതരമായ പരാതിയാണ് യുവതി സമര്‍പ്പിച്ചിരിക്കുന്നത്. ഒപ്പം പരാതിക്ക് അടിസ്ഥാനമായ തെളിവുകളും നൽകിയിട്ടുണ്ട്. പ്രത്യേക സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. 

രാഹുലിനെതിരായ ആദ്യ ബലാൽസംഗ പരാതിയിൽ ഈ മാസം 21 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. ഈ കേസിൽ പരാതിക്കാരിയെ കോടതി കക്ഷിയാക്കിയിട്ടുമുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു രാഹുലിനെതിരെയുള്ള രണ്ടാമത്തെ കേസ്. ഈ കേസില്‍ രാഹുലിന് ഉപാധികളോടെ തിരുവനന്തപുരം സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം നൽകിയിട്ടുണ്ട്.

Rahul Mamkootathil | Asianet News Live | Malayalam Live News | Breaking News l Kerala News Updates