കോഴിക്കോട് മഞ്ഞപ്പിത്തം വ്യാപകമാകുന്നു lലക്കുളത്തൂർ പഞ്ചായത്തിൽ 47 പേർക്ക് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചു

കോഴിക്കോട്: മഴക്കെടുതികൾ തുടരുന്ന കോഴിക്കോട് മഞ്ഞപ്പിത്തവും വ്യാപകമാവുന്നു. അത്തോളി തലക്കുളത്തൂർ പഞ്ചായത്തിൽ 47 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച 24 പേർക്കായിരുന്നു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഒദ്യോഗികമായി 47 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. പ്രദേശത്തെ ഒരു വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് പാനീയം കഴിച്ചവർക്കാണ് രോഗം വന്നതെന്ന് സംശയിക്കുന്നു.

മഞ്ഞപ്പിത്തബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നേരത്തെ തലക്കുളത്തൂരിൽ പഞ്ചായത്ത് തല യോഗം ചേർന്ന് ആരോഗ്യപ്രവർത്തകർ,ആശാ പ്രവർത്തകർ തുടങ്ങിയവരെ ഉൾപെടുത്തി പ്രത്യേക സ്ക്വാ‍‍ഡ് രൂപീകരിച്ചിരുന്നു. എന്നാൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ജനകീയ സ്ക്വാഡുകൾ രൂപീകരിക്കും.

 തലക്കുളത്തൂർ കമ്യൂണിറ്റി ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കാൻ ധാരണയായിട്ടുണ്ട്. തിളപ്പിച്ചാറിയ ഭക്ഷണപാനീയങ്ങളെ കഴിക്കാവു എന്നും,ഭക്ഷണപദാർത്ഥങ്ങൾ മൂടി വച്ച് സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.മഞ്ഞപിത്ത ബാധയുള്ളവർ ഭക്ഷണം തയ്യാറാക്കാനോ വിളമ്പാനോ പാടില്ലെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. ആരോഗ്യവിഭാഗം ടാസ്ക്ഫോഴ്സ് ജില്ലയിൽ പ്രത്യേക യോഗം ചേരുന്നുണ്ട്.