ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന്  നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിന്റെ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നിരവധി ജവാന്മാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു. പരിക്കേറ്റ പലരുടെയും അവസ്ഥ ​ഗരുരുതരമായി തുടരുകയാണ്. വിദേശ രാജ്യങ്ങളടക്കം നിരവധിപേർ അക്രമത്തെ അപലപിച്ചുകൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ ഒരു മലയാളി സൈനികൻ ഭീകരാക്രമണത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

തിരിച്ചടിക്കാൻ ഒരു അവസരം ലഭിക്കുകയാണെങ്കിൽ താൻ ഉൾപ്പടെയുള്ള ഇന്ത്യൻ പട്ടാളക്കർ അതൊരു ചലഞ്ചായി ഏറ്റെടുക്കുമെന്ന് സൈനികൻ വീഡിയോയിൽ പറയുന്നു. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ഓരോ സൈനികനോടുമുള്ള അഭിമാനവും അതോടൊപ്പം ശക്തിയോടെ തിരിച്ചടിക്കാനുള്ള ചങ്കുറപ്പും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും പ്രതിധ്വനിക്കുന്നുണ്ട്. 

'ഭീകരവാദികളോ ഭീകര സംഘടനകളോ ഒരു കാര്യം മനസ്സിലാക്കുന്നില്ല. ഇന്ത്യന്‍ പട്ടാളം ആരുടെ മുമ്പിലും അടിയറവ് പറയുന്നവരല്ല. എന്തുകൊണ്ടെന്നാൽ, ഇന്ത്യന്‍ സേനയുടെ മുന്നില്‍ നേര്‍ക്കുനേർ നിന്ന് സേനയെ അല്ലെങ്കിൽ സൈനികനെ വെല്ലുവിളിച്ച്  മുന്നിൽ തോക്കുമായി അവനോട് ധീരമായി പോരാടാന്‍ ഒരു പാക്കിസ്ഥാന്‍ സംഘടനക്കോ, ചാരസംഘടക്കോ സാധിക്കില്ല. അതാണ് ഇന്ന് രാജ്യം അംഗീകരിക്കുന്നത് ഇന്ത്യന്‍ സേനയും അമേരിക്കന്റെ അയുധവും ഉണ്ടെങ്കിൽ ലോകത്തെ കീഴടക്കാന്‍ കഴിവുള്ളവനാണ് ഇന്ത്യന്‍ പട്ടാളക്കാരനെന്ന്'- സൈനികൻ പറഞ്ഞു.

കാശ് കൊണ്ടോ നന്ദിവാക്കുകള്‍ കൊണ്ടോ മരിച്ചുപോയ സൈനികരുടെ കുടുംബത്തിന്റെ  കണ്ണീരൊപ്പാന്‍ സാധിക്കില്ല. അതിന് ഒരു പാര്‍ട്ടിക്കോ സംഘടനക്കോ  സാധിക്കില്ല. കാരണം അനേകം പട്ടാളക്കാരുടെ സ്വപ്‌നമാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞിരിക്കുന്നത്. എല്ലാവരും പറയും പട്ടാളക്കാര്‍ ശമ്പളവും ആനുകൂല്യവും വാങ്ങുന്നുണ്ടെന്ന്, എന്നാൽ ഒരു ചാവേര്‍ എത്തുന്നത് അവന്റെ കുടുംബത്തിന് വേണ്ട എല്ലാം ആദ്യമേ വാങ്ങി നൽകിയിട്ടാണ്. മരണത്തെ ഭയക്കുന്നവരല്ല ഇന്ത്യൻ സൈനികര്‍. മരിച്ച ജവാന്മാർ ഏത് സംസ്ഥാനത്തുള്ളവരാണെങ്കിലും ഇന്ത്യന്‍ രക്തമാണ് ഓരോ സൈനികന്റെയും സിരകളിലൂടെ ഒഴുകുന്നതെന്നും തീർച്ചയായിട്ടും ഇതിന് മറുപടി നൽകുമെന്നും പറഞ്ഞുകൊണ്ടാണ് സൈനികൻ വീഡിയോ അവസാനിപ്പിക്കുന്നത്.