കൃഷ്ണമൃഗങ്ങളെ വേട്ടയാടിക്കൊന്ന കേസ് സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ്  

ദില്ലി:കൃഷ്ണമൃഗങ്ങളെ വേട്ടയാടിക്കൊന്ന കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ലഭിച്ചതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ജയാ ബച്ചന്‍. സല്‍മാന്‍ ഖാന് ശിക്ഷയില്‍ ഇളവ് ലഭിക്കണമെന്നും വളരെ അധികം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളാണ് സല്‍മാനെന്നും തനിക്കിതില്‍ വളരെ മോശം തോന്നുന്നുമെന്നാണ് ജയാ ബച്ചന്‍ പറഞ്ഞത്. 

ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സല്‍മാന്‍ ഖാന് അഞ്ചുകൊല്ലം തടവ് ശിക്ഷ വിധിച്ചത്. പതിനായിരം രൂപ പിഴയും സല്‍മാന്‍ നല്‍കണം. സല്‍മാന്‍ ഖാനൊഴികെ മറ്റുളളവരെ ജോധ്പുര്‍ കോടതി കുറ്റവിമുക്തരാക്കി. 1998 ഒക്ടോബറില്‍ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്.