ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ഒരു മാസം തികയാറാകുമ്പോഴും അവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഇതുവരെ ആശുപത്രി അധികൃതരോ സർക്കാരോ പുറത്തു വിടാൻ തയ്യാറായിട്ടില്ല. എന്നാൽ സാമൂഹ്യമാധ്യമങ്ങൾ വഴി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് തമിഴ്നാട്ടിൽ ഇതുവരെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയലളിതയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് ഇന്നലെ തൂത്തുക്കുടിയിൽ നിന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കുടുംബാംഗങ്ങൾ ആരോപിയ്ക്കുന്നു.

ഫേസ്ബുക്കിൽ ജയലളിതയെക്കുറിച്ചുള്ള ഒരു തമാശപോസ്റ്റ് എഴുതിയതിനാണ് തൂത്തുക്കുടി സ്വദേശിയായ സഹായം എന്ന ഇരുപത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പാസ്പോർട്ട് അന്വേഷണത്തിനാണെന്നു പറഞ്ഞാണ് സഹായത്തെ പൊലീസ് വിളിച്ചിറക്കിക്കൊണ്ടു പോയതെന്നും എന്താണ് കുറ്റമെന്ന് പറഞ്ഞില്ലെന്നുമാണ് കുടുംബം പറയുന്നത്.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മാസം തികയാറാകുമ്പോൾ അവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയതിന്‍റെ പേരിൽ ഇത്തരം 43 കേസുകളാണ് തമിഴ്നാട്ടിൽ മാത്രം റജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്. ജയലളിത മരിച്ചുവെന്ന് ഫേസ്ബുക്കിലെഴുതിയ തമിഴച്ചി എന്ന എഴുത്തുകാരിയ്ക്കെതിരായിരുന്നു ആദ്യത്തെ കേസ്. ജയലളിതയുടേതെന്നും അവരെ പരിചരിയ്ക്കുന്ന നഴ്സിന്‍റേതെന്നുമുള്ള പേരിൽ ഓഡിയോ സന്ദേശം പുറത്തുവിട്ട രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാജപ്രചാരണത്തിന്‍റെ പേരിൽ ഇതുവരെ എട്ട് പേരാണ് തമിഴ്നാട്ടിൽ അറസ്റ്റിലായിരിയ്ക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു വിവരവും ആശുപത്രി അധികൃതരോ പാർട്ടിയോ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും അണുബാധയ്ക്കുള്ള ചികിത്സ നടത്തുന്നുണ്ട് എന്നുമാണ് പത്താം തീയതി ഏറ്റവുമൊടുവിൽ പുറത്തു വന്ന പത്രക്കുറിപ്പിൽ അപ്പോളോ ആശുപത്രി വ്യക്തമാക്കിയത്. എന്നാൽ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് എന്നും പത്രക്കുറിപ്പിറക്കേണ്ടതില്ലെന്നാണ് എഐഎഡിഎംകെയുടെ ഔദ്യോഗികഭാഷ്യം.

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വെറും പരാമർശം നടത്തിയവർക്കെതിരെ പോലും കേസെടുക്കുക വഴി അപവാദപ്രചാരണം സംബന്ധിച്ചുള്ള സൈബർ നിയമത്തെ തമിഴ്നാട് സ‍ർക്കാരും പൊലീസും ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം വ്യാപകമാണ്.