തമിഴ്നാട്ടിലെ ഭരണസംവിധാനം ഇപ്പോള്‍ എങ്ങനെയാണ് പ്രവര്‍ത്തിയ്‌ക്കുന്നതെന്നറിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് കലൈഞ്ജറുടെ കത്ത് തുടങ്ങുന്നത്. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതിനാല്‍ മന്ത്രിമാരെല്ലാം ചുമതല മറന്ന് ആശുപത്രിയില്‍ത്തന്നെ തുടരുകയാണ്. മുഖ്യമന്ത്രിയുടേതുള്‍പ്പടെ പല വകുപ്പുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ഇവയെല്ലാം തീര്‍പ്പാക്കുന്നതെങ്ങനെയെന്നും, സംസ്ഥാനത്തെ ഭരണസ്ഥിതിയെക്കുറിച്ചും ജനങ്ങള്‍ക്ക് അറിയാനവകാശമുണ്ടെന്നും കത്ത് പറയുന്നു. ഭരണസംവിധാനം കാര്യക്ഷമമായി നടപ്പാക്കാന്‍ താല്‍ക്കാലികസംവിധാനം വേണം. ഇതിന് കേന്ദ്രസര്‍ക്കാരും ഗവര്‍ണറും ഇടപെടണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. ഇന്നലെ രാജ്ഭവനില്‍ വെച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഗവര്‍ണറെ കണ്ട് സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനെ കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷകക്ഷികള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് കത്തില്‍ പരാമര്‍ശമില്ല. 

അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന സൂചനയുമായി പുതിയ വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങി. കൃത്രിമശ്വാസം നല്‍കുന്നത് തുടരുകയാണെന്നും ജയലളിതയുടെ ശ്വാസകോശത്തിലെ തടസ്സം ഗുരുതരമാണെന്നുമാണ് സൂചന. എയിംസ് ആശുപത്രിയിലെ വിദഗ്ധഡോക്ടര്‍മാര്‍ ജയലളിതയെ ഇടവേളകളിലെത്തി പരിശോധിയ്‌ക്കുന്നുണ്ടെന്നും വാ‍ര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നോ നാളെയോ ജയലളിതയെ സന്ദര്‍ശിയ്‌ക്കാനെത്തിയേക്കും.