അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയല്ലെന്ന് കര്‍ണ്ണാടക കോടതി കണ്ടെത്തിയതോടെയാണ് ചെന്നൈ ആര്‍ കെ നഗറില്‍ മത്സരിക്കാന്‍ ജയലളിത തീരുമാനിക്കുന്നത്. സി പിഐ യുടെ മഹേന്ദ്രനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. അതു കൊണ്ട് വന്‍ മാര്‍ജിനിലുള്ള ജയം ജയ ഉറപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ജയലളിത മണ്ഡലത്തിലൂടെ ഒരോയൊരു പ്രാവശ്യം പ്രചരണം നടത്തുമെന്ന് രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത്. വൈകീട്ട് നാല് മണി മുതല്‍ 8 മണിയ്ക്കുള്ളില്‍ ആര്‍ കെ നഗറിലെ പലയിടങ്ങളിലായി പ്രസംഗിക്കുമെന്നായിരുന്നു അറിയിപ്പ്. ജയലളിതയ്ക്കരികിലെത്തുക എളുപ്പമല്ലാത്തതിനാല്‍ രാവിലെ 11 മണിക്ക് തന്നെ ക്യാമറാമാനൊപ്പം ആര്‍ കെ നഗറിലേക്ക് പുറപ്പെട്ടു. 12 മണിക്കു തന്നെ ആ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം തുടങ്ങിയിരുന്നു. ഞങ്ങളുടെ കാറിനെ ചുരുങ്ങിയത് മൂന്ന് തവണ വഴി തിരിച്ച് വിട്ടു. പത്രക്കാരനാണെന്ന് പറഞ്ഞതു കൊണ്ടോ ഐ ഡി കാണിച്ചത് കൊണ്ടോ ഒരു പ്രയോജനവുമില്ല. ചെന്നൈയിലെ പത്രക്കാരെപ്പോലും അടുപ്പിക്കാത്ത സാഹചര്യത്തില്‍ അയല്‍ സംസ്ഥാനത്തു നിന്നുള്ള പത്രപ്രവര്‍ത്തകന്റെ കാര്യം പറയേണ്ടതില്ലല്ലോ.

കാറിന് കടന്നു പോകാന്‍ പറ്റാത്തത്ര സ്ഥിതി വന്നതോടെ ക്യാമറയുടെ ട്രൈപ്പോഡുമെടുത്ത് ഞങ്ങള്‍ നടന്നു. ജയ ആദ്യം സംസാരിക്കുന്ന വേദിയിലെത്തുക ദുഷ്‌കരമായിരുന്നു. നൂറ്കണക്കിന് ക്യാമറകള്‍ നേരത്തെതന്നെ അവിടെ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. സൂചി കൂത്താനിടമില്ലാത്തത്ര തിരക്കായിരുന്നു അവിടെ. ജയലളിതയുടെ പൊതു പരിപാടികളെല്ലാം ഇങ്ങനെയാണ്. ഒന്നോ രണ്ടോ മിനിറ്റുകള്‍ മാത്രം നീളുന്ന പ്രസംഗം കേള്‍ക്കാന്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന അണികള്‍. കൂടുതലും സ്ത്രീകള്‍ തന്നെ.

കടുത്ത ചൂടിനിടയിലും അണികള്‍ കാത്തു നിന്നു. ചുറ്റും കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മിക്കവരും കൈകളില്‍ പഴങ്ങളും പൂമാലയും കരുതിയിരുന്നു. പൂര്‍ണ്ണകുംഭവുമായി കാത്തു നില്‍ക്കുന്നവരും കുറവല്ല. അണികള്‍ക്കിടയില്‍ എം ജി ആറിന്റെ വേഷത്തിലെത്തുന്നവര്‍ പതിവ് കാഴ്ചയാണ്. ദേഹം മുഴുവന്‍ ചായം പൂശി നില്‍ക്കുന്നവര്‍ വേറെ. നേതാക്കള്‍ ഒന്നും ഉരിയാടാറില്ലെങ്കിലും ടി വി ചാനലുകളോട് സംസാരിക്കാന്‍ അണികള്‍ മത്സരിക്കുന്ന കാഴ്ചയാണ് തമിഴ്‌നാട്ടില്‍ കാണാന്‍ കഴിയുക. അതു കൊണ്ടു തന്നെ ലൈവ് എന്നു തോന്നിപ്പിക്കുന്ന ഡെഫ് ലൈവ് എടുക്കുക എളുപ്പമായി. തലൈവിയെപ്പോലെ തന്നെ അവരുടെ അണികളും ഭരണ നേട്ടങ്ങള്‍ ഏറ്റ് പറയും.

കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 7.30നാണ് പുരട്ചിത്തലൈവി എത്തിയത്. തീര്‍ത്തും രാജകീയമായ വരവ്. അമ്മയുടെ വരവറിയിച്ചു കൊണ്ട് കുറഞ്ഞത് അറ് വാഹനങ്ങളെങ്കിലും മുന്നിലുണ്ടാകും. പിന്നില്‍ അതിവേഗത്തില്‍ പായുന്ന ജയാ ടി വിയുടെ ക്യാമറാ ക്രൂ. അതിനു തൊട്ടു പിന്നിലാണ് ജയയുടെ വാഹനം. ''തങ്കത്താരകയേ വരിക വരിക'' സ്പീക്കറില്‍ പാട്ടിന്റെ ശബ്ദം കൂടി. അതു വരെ സ്‌റ്റേജില്‍ നിറഞ്ഞു നിന്നിരുന്ന എം ജി ആറിന്റെ വേഷമിട്ട നാടകക്കാരനും നൃത്തക്കാരുമെല്ലാം തൊഴു കൈകളോടെ മാറി നിന്നു. വാഹനത്തിനുമേല്‍ പല തവണ അണികളുടെ പുഷ്പവൃഷ്ടി.

എന്‍ ഉയിരിലും മേലാന തമിഴ് മക്കളേ... എന്ന് തുടങ്ങി നേരത്തെ തയ്യാറാക്കിയ പ്രസംഗം വായിക്കുക മാത്രമാണ് ജയയുടെ ശീലം. ഏറിയ പങ്കും ഭരണ നേട്ടങ്ങള്‍ വിവരിക്കുന്നവ. വിരളമായി മാത്രമേ അവര്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാറുള്ളൂ. അണികളില്‍ നിന്നും പ്രതീക്ഷിക്കുന്ന വിധേയത്വം തന്റെ നേതാവിനോട് ജയലളിതയ്ക്കുമുണ്ട്. പുരട്ച്ചിത്തലൈവര്‍ എം ജി ആറിന്റെ പേര് ഉരിയാടാതെ ഒരു പ്രസംഗവും അവര്‍ നടത്താറില്ല. അണ്ണാ (അണ്ണാ ദുരൈ) നാമം വാഴ്ക എന്നും അവര്‍ പല തവണ കൂട്ടിച്ചേര്‍ക്കും. വാഹനത്തിനകത്ത് നിശ്ശബ്ദയായി അടുത്തിരിക്കുന്ന ശശികലയെയും കാണാം. ജയലളിതയോട് ഒന്നോ രണ്ടോ വാക്കുകള്‍ പറയുന്നതൊഴിച്ചാല്‍ ഇത്തരം സമയങ്ങളില്‍ ശശികലയുടെ റോള്‍ നന്നേ കുറവാണ്.

മൂന്നോ നാലോ മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിനു ശേഷം ജയലളിതയുടെ വാഹനം അടുത്ത സ്ഥലത്തേക്ക് നീങ്ങി. എല്ലാ സ്ഥലത്തും ഒരേ തരത്തിലാണ് പ്രചാരണം. മിക്ക സ്ഥലത്തും ഒരേ വാക്കുകള്‍. ഒരു സ്വപ്ന സാഫല്യമെന്ന പോലെ അണികള്‍ പിരിഞ്ഞു പോയി. ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ വെള്ളമോ ഭക്ഷണമോ തേടിപ്പിടിക്കുന്ന തിരക്കിലായിരുന്നു. കാരണം ഈ തിരക്കിനിടയ്ക്ക് കുറഞ്ഞത് അടുത്ത രണ്ട് മണിക്കൂറെങ്കിലും പുറത്തുപോകാനാവില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.