ഇന്നലെ രാത്രിയാണ് എം.പിമാരടക്കമുള്ള ചില മുതിർന്ന എഐഎഡിഎംകെ നേതാക്കൾ ജയലളിതയുടെ വിശ്വസ്ഥനും മുൻ മുഖ്യമന്ത്രിയുമായ പനീർശെൽവത്തെ കണ്ടത്.ഇപ്പോഴത്തെ നിലയിൽ ജയലളിത സാധാരണ ജീവിതത്തിലേക്കും ഓഫീസ് കാര്യങ്ങളിലേക്കും മടങ്ങി വരൻ ഏറെ സമയമെടുക്കും. ഈ സാഹചര്യത്തിൽ ഭരണകാര്യങ്ങളിലടക്കം എന്തു വേണമെന്നാണ് അലോചിച്ചത്.

പ്രത്യേകിച്ചും ജയലളിതയുടെ ചികിൽസ സംബന്ധിച്ചും ആരോഗ്യനില സംബന്ധിച്ചും അറിയിക്കണമെന്നും ഇത് പൊതുജനത്തിന്റെ അവകാശമാണെന്നും ഹൈക്കോടതി കൂടി നിലപാടെടുത്ത സാഹചര്യത്തിൽ. ഹൈക്കോടതിയുടെ തുടർ ഇടപെടൽ സർക്കാരിന് എതിരായാൽ അത് ജയലളിതയ്ക്കും എ ഐ എ ഡി എം കെയ്ക്കും കനത്ത തിരിച്ചടിയാകുമെന്നും കണക്കുകൂട്ടുന്നു. 

ഈ സാഹചര്യത്തിൽ ജയലളിത പൂർണാരോഗ്യം വീണ്ടെടുക്കും വരെ തൽക്കാലിക മുഖ്യമന്ത്രി എന്ന നിർദേശവും ചില നേതാക്കൾ മുന്നോട്ടുവെച്ചു. എന്നാൽ ഇക്കാര്യത്തൽ പനീർശെൽവം മറുപടി നൽകിയില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തേക്ക് മാറ്റിയതോടെ മുഖ്യമന്ത്രിയില്ലാതെ ഇക്കാലമത്രയും പോകുന്നത്‌ തിരിച്ചടിയാകുമെന്നും എ ഐ എ ഡി എം കെ കണക്കുകൂട്ടുന്നു.

ചൈന്നൈയിലെ ആശുപത്രിക്ക് മുന്നിൽ ജയലളിതക്കായി പ്രാർഥനകളും മറ്റും തുടരുകയാണ്. മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നെന്നാണ് അശുപത്രിയുടെ വാർത്താ കുറിപ്പ്.