ചെന്നൈ: ഭർത്താവിനു മുന്നിൽ വീടിന്റെ വാതിൽ കൊട്ടിയടച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാർ. ഭർത്താവ് മാധവനെയാണ് ഇവർ വീട്ടിൽ കയറുന്നതിൽനിന്നു വിലക്കിയത്. ആർകെ നഗർ തെരഞ്ഞെടുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എംജിആർ അമ്മ ദീപ പേരാവൈ പാർട്ടി നേതാവായ ദീപ വീട്ടിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം.
പത്രസമ്മേളനത്തിനിടെ ഭർത്താവായ മാധവൻ വീട്ടിലെത്തിയെങ്കിലും പുറത്ത് കാത്തിരിക്കാൻ നിർദേശം ലഭിച്ചു. പത്രസമ്മേളനം അവസാനിച്ചതിനു തൊട്ടുപിന്നാലെ ദീപ വീടിനുള്ളിലേക്കു പോകുകയും വാതിൽ അടയ്ക്കുകയും ചെയ്തു. ഈസമയം മാധവൻ പുറത്തുകാത്തിരിക്കുകയായിരുന്നു. വാതിൽ അടച്ചതിനു പിന്നാലെ അദ്ദേഹം വീട്ടിൽനിന്നു മടങ്ങി.
മാധവൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദീപയും ഭർത്താവും തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചത്. ദീപ, എംജിആർ അമ്മ ദീപ പേരാവൈ എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെ മാധവനും പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഇതാണ് അസ്വാരസ്യങ്ങൾ വഷളാക്കിയത്.
