ചെന്നൈ: ജയലളിതയുടെ സംസ്‌കാരം ഏത് രീതിയിലായിരിക്കും എന്നതിനെ കുറിച്ച് ചെറിയ ആശയക്കുഴപ്പം തിങ്കളാഴ്ച രാത്രിയുണ്ടായിരുന്നു. ഒടുവില്‍ പാര്‍ട്ടി നേതൃത്വം ജയയുടെ ഭൗതികശരീരം ഹിന്ദു ബ്രാഹ്മണ ആചാരപ്രകാരം ദഹിപ്പിക്കുകയല്ല, മറവ് ചെയ്യുകയായിരുന്നു. ദ്രാവിഡ നേതാക്കളുടെ ഭൗതികദേഹം ദഹിപ്പിക്കുക പതിവില്ല. പെരിയാര്‍, അണ്ണാദുരൈ, എംജിആര്‍ എന്നിവരുടെയും ഭൗതികദേഹം മറവ് ചെയ്യുകയായിരുന്നു. ആ രീതി തന്നെ ജയയുടെ കാര്യത്തിലും പിന്തുടര്‍ന്നു.

അയ്യങ്കാര്‍ സമുദായാംഗമാണ് ജയലളിത. അയ്യങ്കാര്‍ വിഭാഗത്തിന്റെ വിശ്വാസപ്രകാരം മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. മുന്‍ മാതൃക പിന്തുടര്‍ന്ന് ജയലളിതയുടെ മൃതദേഹം മറവുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സംസ്‌കാര ചടങ്ങിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന സര്‍ക്കാര്‍ സെക്രട്ടറി വെളിപ്പെടുത്തി.

ജയയുടെ ജീവിച്ചിരിക്കുന്ന ഏക ബന്ധു ദീപ ജയകുമാറിന് സംസ്‌കാര ചടങ്ങില്‍ പ്രാമുഖ്യം ലഭിക്കാതിരിക്കുന്നതിനും വേണ്ടി കൂടിയാണ് മൃതദേഹം ദഹിപ്പിക്കാതിരുന്നത്. മൃതദേഹം ദഹിപ്പിച്ചാല്‍ മതപരമായ ചടങ്ങുകള്‍ ചെയ്യുന്നതിന് സഹോദരന്‍ ജയകുമാറിന്‍റെ മകള്‍ ദീപ മാത്രമാണ് അവശേഷിക്കുന്നത്. ദീപയ്ക്ക് പ്രാമുഖ്യം ലഭിക്കുന്നത് ജയയുടെ തോഴി ശശികല ഇഷ്ടപ്പെടുന്നില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിതയെ സന്ദര്‍ശിക്കാന്‍ പോലും ദീപയ്ക്ക് അനുമതി നല്‍കിയിരുന്നില്ല.

തോഴി ശശികലയായിരുന്നു അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എന്നത് മറ്റൊരു പ്രത്യേകത. ഹിന്ദു ആചാര പ്രകാരം വനിതകള്‍ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാറില്ല. പൂജാരിയുടെ നിര്‍ദേശ പ്രകാരം ശശികലയും ജയയുടെ സഹോദര പുത്രന്‍ ദീപക്കും ചേര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. 

ചെറിയ ചന്ദനമുട്ടികളും പെട്ടിയില്‍ നിക്ഷേപിച്ചു. ദഹിപ്പിക്കുന്നതിന് പകരമാണിത്. ജയയുടെ ദത്തുപുത്രനായിരുന്ന വി.എന്‍. സുധാകരന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നെങ്കിലും അന്ത്യകര്‍മങ്ങള്‍ക്ക് അവസരം നല്‍കിയില്ല.