ചെന്നൈ: രാഷ്‌ട്രീയത്തില്‍ പ്രവേശിയ്‌ക്കുകയാണെന്നും ഭാവിപരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനം ജയലളിതയുടെ ജന്‍മദിനമായ ഫെബ്രുവരി 24 ന് നടത്തുമെന്നും ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍.അണ്ണാഡിഎംകെയ്‌ക്ക് ബദലായി പുതിയ രാഷ്‌ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടനില്ലെന്ന് പറഞ്ഞ ദീപ ബിജെപിയുള്‍പ്പടെ ഒരു രാഷ്‌ട്രീയകക്ഷിയുടെയും പിന്തുണ തനിയ്‌ക്കില്ലെന്നും വ്യക്തമാക്കി.
ചുവന്ന സാരിയണിഞ്ഞ്, പണ്ട് ജയലളിത പൊതുസദസ്സുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അതേ വസ്‌ത്രധാരണത്തോടെയാണ് സഹോദരപുത്രി ദീപ ജയകുമാറും മാധ്യമങ്ങളെ കാണാനെത്തിയത്. ജയലളിതയുടെ ഏകസഹോദരന്‍ ജയകുമാറിന്റെ മകളാണ് ദീപ. ജയലളിത ആശുപത്രിയിലായിരുന്ന കാലം മുതല്‍ക്കേ അച്ഛന്റെ സഹോദരിയെ കാണുന്നതില്‍ നിന്ന് ശശികലയാണ് തന്നെ വിലക്കുന്നതെന്ന ആരോപണവുമായി ദീപ രംഗത്തെത്തിയിരുന്നു.
ജയലളിതയുടെ അന്തരിച്ച് ഏതാണ്ട് ഒന്നരമാസത്തിനു ശേഷം എംജിആറിന്റെ ജന്‍മശതാബ്ദി ദിവസം താന്‍ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തുമെന്ന് ദീപ പറഞ്ഞപ്പോള്‍ പുതിയ രാഷ്‌ട്രീയപാര്‍ട്ടി പ്രഖ്യാപനം തന്നെയാണ് അണികള്‍ പ്രതീക്ഷിച്ചിരുന്നത്. ശശികലയുമായോ മണ്ണാര്‍ഗുഡി കുടുംബവുമായോ ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകാതിരുന്ന ദീപ, തനിയ്‌ക്ക് ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലെന്ന് പ്രതികരിച്ചു.
മക്കള്‍ തലൈവി ജയദീപ എന്ന അടിക്കുറിപ്പോടെ ജയലളിതയുമായി ഏറെ രൂപസാദൃശ്യമുള്ള ദീപയുടെ ചിത്രങ്ങളുമായി നൂറുകണക്കിന് അണികളാണ് ടി നഗറിലെ അവരുടെ വസതിയ്‌ക്ക് മുന്നിലെത്തിയത്.
