ആശുപത്രിക്കിടക്കയിലെ ജയലളിതയുടെ ശബ്ദരേഖ പുറത്ത്
ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഡോക്ടറോട് സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്ത്. മരിച്ചതിന് ശേഷമാണ് ജയലളിതയെ ആശുപത്രിയിൽ കൊണ്ടുവന്നത് എന്നതടക്കം, ശശികലയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇല്ലാതാക്കുന്നതാണ് ശബ്ദരേഖ. നേരത്തെ ആശുപത്രിക്കുള്ളിലെ ദൃശ്യങ്ങള്‍ ദിനകരന്‍ വിഭാഗം പുറത്തുവിട്ടിരുന്നു.
ജയലളിതയുടെ മരണമന്വേഷിക്കുന്ന അറുമുഖസാമി കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ച ശബ്‍ദരേഖയാണ് പുറത്തുവന്നത്. ജയലളിതയെ ചികിത്സിച്ചിരുന്ന ഡോ.കെ.എസ്.ശിവകുമാര്‍റാണ് ഇത് കമ്മിഷനില്‍ സമര്‍പ്പിച്ചതെന്നാണ് സൂചന. മൂക്കടപ്പുണ്ടോ എന്ന് ജയലളിതയോട് ഡോക്ടർ ചോദിക്കുന്നതും അതിന്‍റെ മറുപടിയും ആണ് ശബ്ദരേഖയിലുള്ളത്. വനിത ഡോക്ടര്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍, ശ്വാസം കിട്ടുന്നില്ലെന്ന് ജയലളിത പറയുന്നുണ്ട്.
ബി പി ചോദിച്ചപ്പോള്‍, 140ഉണ്ടെന്നും പള്‍സ് 80ആണെന്നും ഡോക്ടര്‍ പറഞ്ഞു. അതെനിക്ക് നോര്‍മല്‍ ആണോ എന്ന് ജയലളിത ചോദിച്ചപ്പോള്‍ കുറച്ച് കൂടുതലാണെന്നും ഡോക്ടര്‍ മറുപടി പറയുന്നു. കഫക്കെട്ടുണ്ടെന്നും മാറാത്ത ചുമയുണ്ടെന്നും ശബ്ദരേഖയില്‍ നിന്നും വ്യക്തമാണ്. ജയലളിത കഴിച്ചിരുന്ന ഭക്ഷണത്തിന്‍റെ പട്ടികയും പുറത്തുവന്നു. നേരത്തെ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിന്‍റെ സമയത്താണ് ടിടിവി ദിനകരൻ ജയലളിത ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്
