2011 ഏപ്രില്‍ 18ന് ആണവ നിലയത്തിനെതിരെ നടന്ന ജനകീയ മുന്നേറ്റങ്ങള്‍ക്കുനേരെ നടന്ന പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും അനേകര്‍ മരണാസന്നരാവുകയും ചെയ്തിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്ന വിവരങ്ങളനുസരിച്ച് 9.6 ഗിഗാവാട്ട് ശേഷിയുളള ആണവനിലയം ഫ്രഞ്ചുസഹകരണത്തോടെ ഡിസംബറില്‍ നിര്‍മ്മാണം തുടങ്ങുമെന്നണ്

ദില്ലി: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോ ഇന്ത്യയില്‍ പറന്നിറങ്ങിയപ്പോള്‍ മുതല്‍ കാത്തിരുന്ന ആ പ്രഖ്യാപനം പുറത്തുവന്നു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ജയ്താപൂരില്‍ ലോകത്തെ ഏറ്റവും വലിയ ആണവ വൈദ്യുത പദ്ധതിയുമായി ഇന്ത്യയും ഫ്രാന്‍സും കൈകേര്‍ത്ത് മുന്നോട്ടുപോകുമെന്നതായിരുന്നു ആ പ്രഖ്യാപനം. 2010 ല്‍ ആ സമയത്തെ ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന നിക്കോളാസ് സര്‍ക്കോസിയുടെ ഇന്ത്യ സന്നര്‍ശനവേളയിലാണ് പദ്ധതി പ്രഖ്യാപിക്കുന്നത്.

അന്നത്തെ യു.പി.എ. സര്‍ക്കാര്‍ പദ്ധതിക്കായി അരയും തലയും മുറുക്കി മുന്നിട്ടിറങ്ങി. ജയ്താപ്പൂര്‍ ന്യൂക്ലിയര്‍ പവര്‍ പ്രോജക്ടിനായി ഇന്ത്യയുടെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും ഫ്രാന്‍സിന്‍റെ മള്‍ട്ടിനാഷണലായ ആരീവയും കരാറിന് തയ്യറെടുത്തതോടെ ജയ്താപൂരില്‍ സമരം പൊട്ടിപ്പുറപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്ന വിവരങ്ങളനുസരിച്ച് 9.6 ഗിഗാവാട്ട് ശേഷിയുളള ആണവനിലയം ഫ്രഞ്ചുസഹകരണത്തോടെ ഡിസംബറില്‍ നിര്‍മ്മാണം തുടങ്ങും.

നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ലോകത്തെ ഏറ്റവും വലിയ ആണവ നിലയമായി ജയ്താപൂര്‍ മാറും. 2011 ഏപ്രില്‍ 18ന് ആണവ നിലയത്തിനെതിരെ നടന്ന ജനകീയ മുന്നേറ്റങ്ങള്‍ക്കുനേരെ നടന്ന പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും അനേകര്‍ മരണാസന്നരാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് സ്റ്റേഷന്‍ ആക്രമണവും ബന്ദും മഹാരാഷ്ട്രയ്ക്ക് ഇന്നും മറക്കാറായിട്ടില്ല. പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീന്‍ പീസ് ഇന്ത്യ ജനകീയ മുന്നേറ്റത്തിന് അന്ന് എല്ലാവിധ പിന്തുണയും നല്‍കിയത് അന്നത്തെ മന്‍മോഹന്‍ സിങിന്‍റെ നേത്യത്വത്തിലെ യു. പി. എ. സര്‍ക്കാരിനുമുകളില്‍ വൈദേശിക സമ്മര്‍ദ്ദം ശക്തിപ്പെടുത്തനിടയാക്കിയിരുന്നു. 

പുതിയ പ്രഖ്യാപനത്തോടെ ജയ്താപ്പൂരിലെ ജനതയുടെ പ്രതികരണമെന്താവുമെന്ന് രാജ്യം ആകാംക്ഷയോടെയാണ് ഉറ്റിനോക്കുന്നത്. ലോകത്തിന്‍റെ പലഭാഗത്തും ആണവ പദ്ധതികള്‍ക്ക് പ്രാധാന്യം കുറഞ്ഞുവരുമ്പോഴും ഇന്ത്യ അത്തരം പദ്ധതികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇപ്പോഴും പിന്‍തുടരുന്നത്. അന്ന് പദ്ധതിയെ എതിര്‍ത്ത ബി.ജെ.പിയാണ് ഇപ്പോള്‍ അതിവേഗം പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടുന്നത് എന്നതാണ് ഏറ്റവും വലിയ രാഷ്ട്രിയ തമാശ. 8.2 ഗിഗാവാട്ട് ശേഷിയുളള ജപ്പാനിലെ കാസിവസാക്കി - കിര്‍വായാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയം.