ജോലിക്ക് പോകുന്ന സ്ത്രീകളെ മോശമായി പരാമര്‍ശിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച് കെ എസ് യു നേതാവും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശേരി

നിലമ്പൂര്‍: ജോലിക്ക് പോകുന്ന സ്ത്രീകളെ മോശമായി പരാമര്‍ശിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച് കെ എസ് യു നേതാവും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശേരി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജസ്‌ലയുടെ പ്രതികരണം വന്നത്. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണമെന്ന് ജസ്‌ല പറയുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണെന്നും ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ടയെറിയണമെന്നും ജസ്വ പറയുന്നു.

ഉസ്താദിന്‍റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നതു കൊണ്ടാകാം ഇത്തരം തെറ്റിദ്ധാരണയെന്നും ഇവര്‍ പറഞ്ഞു. പൈസക്ക് വേണ്ടി മതത്തെ വില്‍ക്കുന്നതല്ല. മതത്തെ പഠിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്നും ജസ്‌ല പ്രതികരിക്കുന്നു. നാട്ടിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണ് എന്നും യുവതി പറഞ്ഞു. 

അതേസമയം ജസ്‌ലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. ജോലിക്ക് പോകുന്ന സ്ത്രീകളുടെ ദാമ്പത്യത്തില്‍ സ്വസ്ഥതയില്ല. പെണ്ണ് ജോലിക്ക് പോയ കുടുംബങ്ങളെല്ലാം ശിഥിലമായെന്നും അവള്‍ അമ്മയാകേണ്ടവളും ഭാര്യയാകേണ്ടവളും മാത്രമാണെന്നുമാണ് മുജാഹിദ് ബാലുശേരി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.