മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അവസാനഘട്ടത്തില്‍ വിശാല പ്രതിപക്ഷ ഐക്യത്തിലെ നേതാക്കൾക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ട്
ബെംഗളുരു: കർണാടകത്തിൽ കോൺഗ്രസ്- ജെഡിഎസ് സർക്കാർ ബുധനാഴ്ച അധികാരമേൽക്കും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അവസാനഘട്ടത്തിലാണ്. വിശ്വാസം തെളിയിക്കാൻ പതിനഞ്ച് ദിവസം സമയമുണ്ട് കുമാരസ്വാമിക്കും. നിലവിൽ 117 പേരുടെ പിന്തുണയോടെയാണ് കോൺഗ്രസ് ജെഡിഎസ് സർക്കാർ അധികാരമേൽക്കുന്നത്.
തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മെയ് 21 രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പങ്കെടുക്കാനാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. തുടർന്നാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.വിശാല പ്രതിപക്ഷ ഐക്യത്തിലെ നേതാക്കൾക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ട്. മമത ബാനർജി,മായാവതി,അഖിലേഷ് യാദവ്,ചന്ദ്രബാബു നായിഡു,ചന്ദ്രശേഖർ റാവു,തേജസ്വി യാദവ്,എം കെ സ്റ്റാലിൻ എന്നിവരെല്ലാം സത്യപ്രതിജ്ഞക്കെത്തും. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാണ്. സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി കോൺഗ്രസ് തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം മന്ത്രിസഭയിലെത്താൻ സാധ്യത കുറവാണ്. ജി പരമേശ്വരയോ ഡി കെ ശിവകുമാറോ ആവും ഉപമുഖ്യമന്ത്രി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വൊക്കലിഗ സമുദായത്തിൽ നിന്നാവരുത് എന്ന് തീരുമാനമുണ്ടായാൽ പരമേശ്വരക്ക് നറുക്ക് വീഴും.മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും മന്ത്രിമാരായേക്കും.
പതിനാല് വർഷത്തിന് ശേഷമാണ് കോൺഗ്രസും -ജെഡിഎസും ചേർന്ന സർക്കാർ കർണാടകത്തിൽ അധികാരമേൽക്കുന്നത്.2004ൽ മുഖ്യമന്ത്രി കോൺഗ്രസിലെ ധരംസിങും ഉപമുഖ്യമന്ത്രി അന്ന് ജെഡിഎസായിരുന്ന സിദ്ധരാമയ്യയും.രണ്ട് വർഷം മാത്രമാണ് സർക്കാരിന് ആയുസ്സുണ്ടായിരുന്നത്. പിന്നീട് കുമാരസ്വാമി ബിജെപിക്ക് ഒപ്പം പോയി.ഇത്തവണ സമാനസാഹചര്യം ആവർത്തിക്കില്ലെന്ന് തീർത്തുപറയുകയാണ് നേതാക്കൾ. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും എംഎൽഎമാരുടെ യോഗം ഇന്ന് ചേരുന്നുണ്ട്.അതേ സമയം ഭാവിപരിപാടികൾ ആലോചിക്കാൻ ബിജെപി നേതൃയോഗവും ഇന്ന് ചേരും.കുതിരക്കച്ചവടത്തിന് ഇനിയും സാധ്യതയുളളതിനാൽ എംഎൽഎമാരിപ്പോഴും നിരീക്ഷണത്തിലാണ്.
