തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയില്‍ ചേരാനുള്ള ജെ.ഡി.യു നീക്കം സജീവമായി. എല്‍.ഡി.ഫിലേയ്‌ക്ക് തിരികെ പോകണമെന്നാണ് ജെ.ഡി.യുവിലെ മുന്‍നിര നേതാക്കളുടെ നിലപാട്. യു.ഡി.എഫ് വിട്ടു വന്നാല്‍ ജെ.ഡി.യുവിനെ സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് വ്യക്തമാക്കി.

ഫെബ്രുവരി അവസാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജെഡിയും സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ചിരുന്നു. വീരേന്ദ്രകുമാറിന്റെ അരോഗ്യനില അന്വേഷിച്ചാണ് പിണറായി എത്തിയതെങ്കിലും രാഷ്‌ട്രീയവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇടതു മുന്നണിയിലേയ്‌ക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ആലോചിക്കാമെന്ന വീരേന്ദ്രകുമാര്‍ മറുപടി നല്‍കിയെന്നാണ് വിവരം. ഇടയ്‌ക്ക് ജെ.ഡി.യു ഭാരവാഹി എ.കെ.ജി സെന്ററിലെത്തി കോടിയേരിയെ കണ്ടപ്പോഴും ഇക്കാര്യം ചര്‍ച്ചയായി. ഇടതു ചേരിയാണ് പാര്‍ട്ടിക്ക് നല്ലതെന്ന് അഭിപ്രായമാണ് ജെ.ഡി.യുവിലെ മുന്‍ നിര നേതാക്കള്‍ക്കുള്ളത്.

ഇടതു മുന്നണി വിട്ടശേഷം നഷ്‌ടം മാത്രമാണെന്ന വിലയിരുത്തലിലാണ് ഇക്കൂട്ടര്‍. സഹകരണസംഘം തൊട്ട് ലോക്‌സഭവരെ പ്രാതിനിധ്യത്തില്‍ പാര്‍ട്ടിക്ക് നഷ്‌ടമുണ്ടായി. ഇനിയും യു.ഡി.എഫില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ പ്രശ്നത്തിലാകുമെന്ന ചൂണ്ടിക്കാട്ടിയാണ് ഇടതു പുനപ്രവേശത്തിനായി നേതാക്കള്‍ വാദിക്കുന്നത്. ഇടതു സ്വഭാവമുള്ള പാര്‍ട്ടിയെന്ന നിലയില്‍ ജെ.ഡി.യുവിനെ മുന്നണിയിലെടുക്കാന്‍ സി.പി.എമ്മിന് പൂര്‍ണമനസാണുതാനും.

കാസര്‍കോട്, വടകര, കോഴിക്കോട്,വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ജെ.ഡി.യു മടങ്ങിവരവ് നേട്ടമാകുമെന്ന കണക്കു കൂട്ടലിലാണ് സി.പി.എം. എം.എല്‍.എ ഇല്ലാത്തതിനാല്‍ ജെ.ഡി.യുവിന് മന്ത്രിസ്ഥാന കൊടുത്ത് എല്‍.ഡി.ഫിലെടുക്കണമെന്ന പ്രശ്നവുമില്ല.അതേസമയം, ലോക്‌സഭയില്‍ വടകര അല്ലെങ്കില്‍ കോഴിക്കോട് സീറ്റ് കിട്ടുമെന്ന് ജെ.ഡി.യു പ്രതീക്ഷിക്കുന്നു.

ബിഹാറില്‍ ബി.ജെ.പി സഖ്യത്തിലേയ്‌ക്ക് ജെ.ഡി.യു പോയാല്‍ ഇവിടെ സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിപ്പ് ഇടതു മുന്നണിയിലേയ്‌ക്ക് മാറണമെന്ന് വഴി പോലും പാര്‍ട്ടിയിലെ ഇടതു അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ കഴിഞ്ഞ തവണ 12 ജില്ലാ കമ്മിറ്റികളും ഇടതു പുനപ്രവേശം ആവശ്യപ്പെട്ടിട്ടും ജെ.ഡി.യു യു.ഡി.എഫ് വിട്ടില്ല.