തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബെഹ്റയെ തന്നെ സെൻകുമാറിന്റെ പിൻഗാമിയായി സർക്കാർ നിയമിച്ചു. സീനിയോറിറ്റിയിൽ മുന്നിലുള്ള ജേക്കബ് തോമസിനെ മറികടന്നാണ് ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസ്, ലോകനാഥ് ബെഹ്റ, ഋഷിരാദജ് സിംഗ് എന്നിവരുടെ പേരുകളാണ് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി പരിശോധിച്ചത്. ബെഹ്റയുടെ പേരാണ് വീണ്ടും സമിതി ശുപാർശ ചെയ്തത്. സീനിയോറ്റിയിൽ ഒന്നാമതുണ്ടായിരുന്ന ജേക്കബ് തോമസിനെ മറികടന്ന് ബെഹ്റക്ക് നിയമനം നൽകാൻ രാവിലെ ചേർന്ന മന്ത്രി സഭാ യോഗം തീരുമാനിക്കുകയായിരുന്നു. 30ന് സെൻകുമാർ വിരമിക്കുമ്പോൾ ബെഹ്റ ചുമതലയേൽക്കും

ബെഹ്റ പൊലീസ് മേധാവിയായിരിക്കെ വിവാദങ്ങളുടെ പരമ്പരയായിരുന്നു. ജിഷാ കേസ്, യുഎപിഎ ചുമത്തൽ, ജിഷ്ണു പ്രണോയ് കേസ്, നടിക്കെതിരായ ആക്രണം തുടങ്ങി 11 മാസം സർക്കാർ സമ്മർദ്ദത്തിലായി. പൊലീസിന്റെ പേരിൽ മുഖ്യമന്ത്രി നിരന്തരം തെറ്റ് ഏറ്റു പറയേണ്ടിവന്നതോടെ വീണ്ടും ബെഹ്റയെ പൊലീസ് മേധാവിയാക്കുമോ എന്ന സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഇടക്കാലത്ത് ബെഹ്റയെക്കാൾ ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും അനഭിമതനായതോടെയാണ് ബെഹ്റക്ക് തന്നെ നറുക്ക് വീണത്.
പെയിന്റടി വിവാദത്തിൽ ഉൾപ്പെട്ട ബെഹ്റക്ക് സെൻകുമാർ ക്ലീൻ ചിറ്റ് നൽകിയതോടെ കാര്യങ്ങൾ എളുപ്പമായി. 2021 ജൂണ്‍ 21വരെയാണ് ബെഹ്റയുടെ കാലാവധി. പുതിയ വിജിലൻസ് മേധാവിയാരെന്ന് തീരുമാനിച്ചിട്ടില്ല. ജേക്കബ് തോമസിന് വിജിലൻസിലേക്കുള്ള മടങ്ങി വരുവുണ്ടാകില്ലെന്നാണ് സൂചന. ബെഹ്റ തന്നെ വിജിലൻസ് മേധാവിയുടെ സ്ഥാനവും തൽക്കാലം തുടരുമെന്നാണ് അറിയുന്നത്. ജേക്കബ് തോമസിന്റെ അടുത്ത നീക്കവും ഏറെ നിർണ്ണായകമാണ്. മൂന്നുമാസത്തിനുള്ളിൽ വിജിലൻസ് കമ്മീഷൻ രൂപീകരിക്കാനും ധാരണയുണ്ട്.. ആഗസ്റ്റിൽ ചീഫ് സെക്രട്ടറി പദവി ഒഴിയുന്ന നളിനി നെറ്റോ കമ്മീഷന്റെ തലപ്പത്തെത്തുമെന്നാണ് വിവരം.