പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനാണ് പൊലീസിന്‍റെ ശ്രമം

മലപ്പുറം: കോട്ടക്കുന്നിലെത്തിയത് ജസ്നയല്ലെന്നുറപ്പിച്ച് പത്തനംതിട്ടയില്‍ നിന്നുള്ള പൊലീസ് സംഘം. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്ത് ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

മെയ് 3ന് ജസ്നയെ കണ്ടെന്ന് സംശയിക്കുന്ന കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്ക് പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് ശേഖരിച്ചു. 15 ദിവസത്തെ ദൃശ്യങ്ങളേ നിലവില്‍ ഉള്ളൂ എന്നതിനാല്‍ ഹാര്‍ഡ് ഡിസ്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് പൊലീസ് വിശദമാക്കി.

ജസ്നയെപ്പോലുള്ള പെണ്‍കുട്ടിയെ കണ്ടെന്ന് സംശയം പ്രകടിപിച്ച കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍റേയും സമീപവാസിയായ ജസ്ഫറിന്‍റേയും മൊഴി വെച്ചൂച്ചിറ എസ്.ഐ. ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ജസ്നയുടെ ഫോട്ടോ കാണിച്ചാണ് കാര്യങ്ങള്‍ ചോദിച്ചത്. 

തങ്ങള്‍ കണ്ടത് ജസ്നയെ അല്ലെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ജസ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ തരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ് കോട്ടക്കുന്ന് പാര്‍ക്കില്‍ പൊലീസ് പതിപ്പിച്ചിട്ടുണ്ട്.