മുംബൈ: ജെറ്റ് എയര്‍വേഴ്സില്‍ നടന്ന തമ്മില്‍ തല്ലില്‍ രണ്ട് മുതര്‍ന്ന പൈലറ്റുമാരെ പുറത്താക്കി. ലണ്ടനില്‍ നിന്നും മുബൈയിലേക്കുള്ള വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ വച്ച് അടിയുണ്ടാക്കിയതിനാണ് നടപടി. മുതിര്‍ന്ന പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ തല്ലിയെന്നാണ് ആരോപണം. ജനുവരി ഒന്നിനായിരുന്നു സംഭവം.

ലണ്ടനില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനം ഇറാന്‍-പാകിസ്താന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് പൈലറ്റുമാര്‍ ഏറ്റുമുട്ടിയത്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വനിതാ പൈലറ്റ് കോക്പിറ്റിന് വെളിയില്‍ വന്നിരുന്നു. തുടര്‍ന്ന് വിമാനത്തിന്‍റെ സുരക്ഷ പോലും പരിഗണിക്കാതെ ഇവരെ തിരികെ വിളിക്കാനായി പൈലറ്റും പുറത്തേക്ക് വരികയായിരുന്നു.

സംഭവത്തില്‍ മുതിര്‍ന്ന പൈലറ്റിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. പിന്നീട് ഇരുവരെയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി ജെറ്റ് എയര്‍വേസ് വക്താവ് അറിയിച്ചു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ മുതിര്‍ന്ന പൈലറ്റിന്‍റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.