സാമൂഹിക പ്രവര്‍ത്തകരായ അഞ്ച് വനിതകളെ ബലാത്സംഗം ചെയ്ത സംഭവം: വനിതാ കമ്മീഷനും അന്വേഷിക്കും

റാഞ്ചി: ജാര്‍ഖണ്ഡില്‍ സാമൂഹ്യപ്രവര്‍ത്തനത്തിനെത്തിയ അഞ്ച് വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് അന്വേഷിക്കാന്‍ ദേശീയ വനിതാ കമീഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇതുവരെ ഒരാളെ പോലും പിടികൂടിയിട്ടില്ല. പ്രതികളെകുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. താമസിയാതെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നുമാണ് പൊലീസ് പറയുന്നത്.

വനിതാ കമ്മീഷന്‍ നിയോഗിച്ച സംഘത്തില്‍ അണ്ടര്‍ സെക്രട്ടറി പ്രീതി കുമാറിന്‍റെ നേത-ൃത്വത്തില്‍ സാങ്കേതിക ഉദ്യോഗസ്ഥനും അഭിഭാഷകനുമാണ് അന്വേഷിക്കുന്നത്. സംഭവം നടന്ന ഖുന്തി ജില്ലയിലെ കൊച്ചാംഗ് ഗ്രാമത്തിലെത്തി ടീം നേരിട്ട് അന്വേഷിക്കുമെന്ന് വനിത കമീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു. 

പൊലീസ് അന്വേഷണത്തിന്‍റെ പുരോഗതി വ്യക്തമാക്കാന്‍ ജാര്‍ഖണ്ഡ് ഡിജിപി ഡി കെ പാണ്ഡയോട് ആവശ്യപ്പെട്ടതായും രേഖാ ശര്‍മ പറഞ്ഞു. ആശാകിരണ്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയിലെ പ്രവര്‍ത്തകരായ വനിതകളാണ് കൂട്ട ബലാല്‍സംഗത്തിനിരയായത്. മനുഷ്യക്കടത്തിനതിരെ ബോധവര്‍ക്കരണം നടത്തുന്നതിനായാണ് പുരുഷന്‍മാരുള്‍പ്പെടെയുള്ള സംഘം ഗ്രാമത്തിലെത്തിയത്. 

തെരുവ് നാടകം അവതരിപ്പിച്ച് കൊണ്ടിരിക്കെ തോക്ക്ചൂണ്ടിയെത്തിയ അക്രമികള്‍ , എൻജിഓ സംഘം എത്തിയ വാഹനത്തില്‍ തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. വാഹനത്തില്‍ വച്ച് പുരുഷന്‍മാരെ മര്‍ദ്ദിച്ചവശാരക്കുകയും മൂത്രം കുടിപ്പിക്കുകയും ചെ്യതു. തുടര്‍ന്ന് സ്ത്രീകളെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി ബലാ‍ല്‍സംഗം ചെയ്യുകയും ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് പരാതി.