ജിദ്ദ: സൗകര്യമില്ലാത്ത കെട്ടിടങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രാലത്തിന്റെ നിര്‍ദേശം വന്ന സാഹചര്യത്തില്‍ ജിദ്ദയിലെ ഭൂരിഭാഗം സ്വകാര്യ സ്കൂളുകളുടെയും ഭാവി ആശങ്കയില്‍.പുതിയ സ്കൂള്‍ കെട്ടിടം കണ്ടെത്തുകയോ, നിയമത്തില്‍ ഇളവ് അനുവദിക്കുകയോ ചെയ്തില്ലെങ്കില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വതിലാകും.
സ്കൂള്‍ കെട്ടിടങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും അല്ലാത്തവ സൗകര്യമുള്ള കെട്ടിടങ്ങളിലേക്ക് മാറണമെന്നും നേരത്തെ സൗദി വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കാത്ത സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ജിദ്ദയിലെ ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും വാടകയ്‌ക്കെടുത്ത താമസ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവ ഒരു വര്‍ഷത്തിനകം സ്കൂളിനു വേണ്ടി നിര്‍മിച്ച സ്വന്തം കെട്ടിടങ്ങളിലെക്കോ മറ്റോ മാറണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇത് പാലിച്ചില്ലെങ്കില്‍ ജിദ്ദയിലെ 67 ശതമാനം സ്വകാര്യ സ്കൂളുകളും അടച്ചു പൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 279 സ്കൂളുകളാണ് ഇത്തരത്തില്‍ മതിയായ സൗകര്യമില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 1,06,000 വിദ്യാര്‍ഥികളും 15000 ജീവനക്കാരുമാണ് ഈ സ്കൂളുകളില്‍ ഉള്ളത്. മന്ത്രാലയം മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇവരുടെ പഠനവും ജോലിയും അനിശ്ചിതത്വത്തിലാകും. സ്കൂളിനു വേണ്ടി മാത്രം നിര്‍മിച്ച കെട്ടിടങ്ങളില്‍ മാത്രമേ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. സ്വന്തം ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ സ്കൂള്‍ കെട്ടിടം പണിയാന്‍ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കും.
ദീര്‍ഘകാല പാട്ടത്തിനു കൊടുക്കാവുന്ന സ്കൂളിനു പറ്റിയ ആയിരത്തി ഇരുനൂറോളം സ്ഥലങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കൈവശം ഉണ്ടെന്നാണ് കണക്ക്. 416 സ്വകാര്യ സ്കൂളുകള്‍ ആണ് നിലവില്‍ ജിദ്ദയില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇളവ് അനുവദിക്കണം എന്ന് ഈ മേഖലയിലെ പലരും മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ സ്വദേശീവല്‍ക്കരണത്തിന്‍റെ അനുപാതം മുപ്പത് ശതമാനത്തില്‍ നിന്നും പത്തു ശതമാനമായി നേരത്തെ കുറച്ചിരുന്നു.
