Asianet News MalayalamAsianet News Malayalam

ജിദ്ദ വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം

Jiddah
Author
Jeddah, First Published Jul 19, 2016, 7:39 PM IST

ജിദ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം. ഇനി മുതല്‍ നാലു മണിക്കൂര്‍ മുമ്പു യാത്രക്കാര്‍ പ്രവേശിച്ചിരിക്കണം. യാത്രക്കാരല്ലാത്തവരെ ടെര്‍മിനലില്‍ പ്രവേശിപ്പിക്കില്ല. ഉംറ തീര്‍ത്ഥാടനത്തിന്‍റെ പശ്ചാതലത്തില്‍ വിമാനത്താവളത്തിലെ അനിയന്ത്രിതമായ തിരക്കു ഒഴിവാക്കാനാണ് നടപടി.

ഉംറ തീര്‍ത്ഥാടകര്‍ അടക്കമുള്ള യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിനു വളരെ മുന്‍പുതന്നെ എത്തുന്നതുമൂലം അനിയന്ത്രിതമായ തിരക്കാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍
അനുഭവപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ പെരുനാള്‍ അവധിക്കു പരീക്ഷണാടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് താല്‍ക്കാലിക  നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതു വന്‍വിജയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥിരമായി യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതനുസരിച്ചു യാത്രയുടെ നാലുമണിക്കൂര്‍ മുന്‍പ് മാത്രമേ യാത്രക്കാര്‍ക്ക് ടെര്‍മിനലുകളിലേക്കു പ്രവേശനം അനുവദിക്കൂ. മാത്രമല്ല യാത്രക്കാര്‍ അല്ലാത്തവര്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.

എന്നാല്‍ കുട്ടികളെയും വികലാംഗരെയും പ്രായമായവരെയും സഹായിക്കുന്നതിനായി ബന്ധുക്കളില്‍ ഒരാളെ ഇവരോടൊപ്പം വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിന് അനുവദിക്കും. വിമാനത്തില്‍ എത്തുന്നവരെ സ്വീകരിക്കാനായി എത്തുന്നവര്‍ക്കും ഇനിം ടെര്‍മിനലിന് പുറത്തു കാത്തുനില്‍ക്കേണ്ടി വരും. എന്നാല്‍ ദീര്‍ഘനേരം ഇവിടെ കാത്തിരിക്കാന്‍ അനുവദിക്കില്ല.

ഉംറ തീര്‍ത്ഥാടകരില്‍ ചിലര്‍ നേരത്തെ തന്നെ വിമാനത്തവളത്തിലെത്തി 15 മണിക്കൂര്‍ വരെയാണ് യാത്രയ്‍ക്കുള്ള വിമാനവും കാത്തു കിടക്കുന്നത്. ഇത്തരത്തിലുള്ള യാത്രക്കാരും കൂടെയുള്ളവരും വിമാനത്തവളത്തില്‍ അനിയന്ത്രിതമായ തിരക്കിന് കാരണമായി. ഇതാണ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios