രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിലെ അതിജീവിതയുടെ വൈകാരിക കുറിപ്പ് മന്ത്രി വീണ ജോർജ് പങ്കുവെച്ചു. മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായതിന് പിന്നാലെയാണ് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള അതിജീവിതയുടെ പ്രതികരണം. 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിലെ അതിജീവിതയുടെ കുറിപ്പ് പങ്കുവെച്ച് മന്ത്രി വീണ ജോർജ്. മൂന്നാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ നടപടിയിൽ വൈകാരികമായാണ് രാഹുലിനെതിരെ ആദ്യം പരാതി നൽകിയ യുവതി പ്രതികരിച്ചത്. ദൈവത്തിന് നന്ദി പറഞ്ഞാണ് കുറിപ്പ്.

'പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും വഞ്ചനകളും സഹിച്ച് ഞങ്ങളെതന്നെ അം​ഗീകരിക്കുന്നതിനുളള ധൈര്യം ഞങ്ങൾക്ക് നൽകിയതിന് നന്ദി. ഇരുളിൽ നടന്നതെല്ലാം നീ കണ്ടു. ലോകം കേൾക്കാതെ പോയ ആ കരച്ചിലുകൾ നീ കേട്ടു. ഞങ്ങളുടെ ശരീരങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളിൽ നിന്ന് ബലമായി പിടിച്ചുവാങ്ങിയപ്പോഴും നീ ഞങ്ങളെ ചേർത്തുപിടിച്ചു. ഞങ്ങളുടെ മാലാഖക്കുട്ടികൾ സ്വർ​ഗത്തിലിരുന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാൻ തെറ്റായ ഒരാളെ തെരഞ്ഞെടുത്തതിനും ഞങ്ങളോട് ക്ഷമിക്കട്ടെ, അക്രമങ്ങളിൽ നിന്ന് മുക്തമായി, ഭയത്തിൽ നിന്ന് മുക്തമായി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഈ ലോകത്തിൽ നിന്ന് മുക്തമായി അവരുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ. ഞങ്ങളുടെ കുഞ്ഞുങ്ങളെ, ഞങ്ങളുടെ കണ്ണുനീർ‌ സ്വർ​ഗത്തിൽ എത്തുന്നുണ്ടെങ്കിൽ ഇത് നിങ്ങൾ കേൾക്കുക. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറന്നിട്ടില്ല. നിങ്ങളുടെ അസ്തിത്വത്തിന് വിലയുണ്ട്, നിങ്ങളുടെ ആത്മാവിന് വിലയുണ്ട്. വീണ്ടും കാണുന്നത് വരെ അമ്മമാർ നിങ്ങളെ ഹൃദയത്തിൽ കൊണ്ടുനടക്കും. ഈ അമ്മ നിന്നെ അത്രമേൽ സ്നേഹിക്കുന്നു' - ഇങ്ങനെ അതിവൈകാരികമായിട്ടാണ് രാഹുലിനെതിരായ ആദ്യ കേസിലെ പരാതിക്കാരിയുടെ കുറിപ്പ്.

ഈ കുറിപ്പിലെ വാക്കുകൾ പങ്കുവെച്ച് ഹൃദയഭേദകം എന്നാണ് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. നിസ്സഹായമായ, ശബ്‍ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്‍ദത്തിലൂടെ പ്രതിധ്വനിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണം സംഘം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.