ജിദ്ദ: ജിദ്ദയില്‍ പുതിയ കടല്‍ത്തീര പദ്ധതി മക്ക പ്രവിശ്യാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. നാല് കിലോമീറ്റര്‍ നീളത്തില്‍ എണ്‍പത് കോടി റിയാല്‍ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 730,000 ചതുരശ്ര മീറ്ററില്‍ ഒരേസമയം ഒന്നേക്കാല്‍ ലക്ഷം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാവുന്ന ശേഷി ഇതിനുണ്ട്. ആറു ഘട്ടങ്ങളായി നിര്‍മിക്കുന്ന പദ്ധതിയുടെ അഞ്ച് ഘട്ടങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

അമ്പതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നീന്തല്‍ സൗകര്യമുള്ള മൂന്നു ബീച്ചുകളും 650 മീറ്റര്‍ നീളത്തില്‍ നടപ്പാലവുമുണ്ടാകും. പതിനാല് കിലോമീറ്റര്‍ നീളത്തില്‍ ഡ്രൈനേജ് പദ്ധതി, ഏഴു കിലോമീറ്റര്‍ നീളത്തില്‍ ജലസേചന പദ്ധതി, നാലര കിലോമീറ്ററില്‍ കൂടുതല്‍ നടപ്പാത തുടങ്ങിയവയും ഈ പദ്ധതിയിലുണ്ട്.3000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ചൂണ്ടയിടാന്‍ പതിനഞ്ച് തണല്‍ കുടകളോട് കൂടി 125 മീറ്റര്‍ നീളത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ശില്‍പങ്ങള്‍, ജലധാരകള്‍, കുട്ടികള്‍ക്ക് കളിക്കാനും മുതിര്‍ന്നവര്‍ക്ക് വ്യായാമത്തിനും ആവശ്യമായ സൗകര്യങ്ങള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.