ജിദ്ദയിലെ പ്ലാസ്റ്റിക് വർജ്ജന നടപടികൾ ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നാളെ മുതല്‍ ശക്തമായ പരിശോധന തുടങ്ങും. ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറില്‍ ആക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ജിദ്ദാ നഗരസഭ അറിയിച്ചു.
ചൂടുള്ള ഭക്ഷ്യ വസ്തുക്കള്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കുന്നതിനെതിരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ജിദ്ദാ നഗരസഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലാസ് ബാഗിലോ അലൂമിനിയം ഫോയിലിലോ ടിന്നുകളിലോ മറ്റോ മാത്രമേ ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ പാക്ക് ചെയ്യാന്‍ പാടുള്ളൂ. പാക്ക് ചെയ്യുന്ന വസ്തുക്കളുടെ ഗുണമേന്മയും ഉറപ്പ് വരുത്താന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനാവശ്യമായ സൗകര്യമൊരുക്കാന്‍ കച്ചവടക്കാര്‍ക്ക് ഫെബ്രുവരി ഇരുപത്തിയെട്ടു വരെ സമയം അനുവദിച്ചിരുന്നു. സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ നിയമലംഘകരെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് നഗരസഭ അറിയിച്ചു. റസ്റ്റാറന്റുകളിലും ബെക്കറികളിലും പരിശോധന നടത്തും. നിയമലംഘകര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പിഴ, സ്ഥാപനം അടച്ചു പൂട്ടല്‍ തുടങ്ങിയവയായിരിക്കും ശിക്ഷ. റൊട്ടി ഉള്‍പ്പെടെ ചൂടുള്ള ആഹാര സാധനങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ ഇടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് കണ്ടെത്തല്‍.
